യുവേഫ ചാംപ്യൻസ് ലീഗിൽ നിലവിലത്തെ ചാംപ്യന്മാരായ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ജർമ്മൻ ക്ലബ് വി എഫ് ബി സ്റ്റട്ട്ഗാർട്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്പാനിഷ് ക്ലബിന്റെ വിജയം. ചാംപ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ റയൽ മാഡ്രിനായി ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും മത്സരത്തിൽ ബ്രസീലിയൻ താരം എൻഡ്രിക്ക് കുറിച്ചു. 18 വയസും 58 ദിവസവും പ്രായമുള്ളപ്പോളാണ് എൻഡ്രിക്ക് ചാംപ്യൻസ് ലീഗിലെ ആദ്യ ഗോൾ നേടുന്നത്. റയൽ ഇതിഹാസം താരം റൗൾ ഗോൺസാലസിൻ്റെ നേട്ടത്തെയാണ് ബ്രസീലിയൻ കൗമാരതാരം മറികടന്നത്. റയലിനായി ആദ്യ ഗോൾ നേടുമ്പോൾ റൗൾ ഗോൺസാലസിൻ്റെ പ്രായം 18 വയസും 118 ദിവസവുമായിരുന്നു. സ്പാനിഷ് ക്ലബിനായി 16 വർഷം കളിച്ച റൗൾ 550 മത്സരങ്ങളിൽ നിന്ന് 228 ഗോളുകൾ നേടിയിട്ടുണ്ട്.
ബാഴ്സലോണയുടെ യുവതാരം അന്‍സു ഫാറ്റിയാണ് ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. 2019ൽ ഇന്റർ മിലാനെതിരെ ഗോൾ നേടുമ്പോൾ അൻസുവിന് പ്രായം വെറും 17 വയസും 40 ദിവസവും മാത്രമായിരുന്നു. ഈ ലിസ്റ്റിൽ ആദ്യ പത്തിൽ പോലും എൻഡ്രിക്കിന് സ്ഥാനമില്ലായെന്നതാണ് മറ്റൊരു കൗതുകം.
സ്റ്റട്ട്ഗാർട്ടിനെതിരായ മത്സരത്തിൽ 80-ാം മിനിറ്റിൽ പകരക്കാരനായാണ് എൻഡ്രിക്ക് കളത്തിലെത്തിയത്. ഇഞ്ച്വറി ടൈമിൽ 95-ാം മിനിറ്റിൽ ബ്രസീലിയൻ താരത്തിന്റെ ഗോൾ പിറന്നു. 46-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയും 83-ാം മിനിറ്റിൽ ആന്റോണിയോ റൂഡ്രിഗറും റയലിനായി വലചലിപ്പിച്ചു. സ്റ്റട്ട്ഗാർട്ടിന്റെ ആശ്വാസ ഗോൾ നേടിയത് 68-ാം മിനിറ്റിൽ ഡെന്നിസ് ഉന്താവ് ആണ്.