പരമ്പരാഗത ശൈലിയിൽ നിന്ന് മാറിയുള്ള പുതിയ ചാംപ്യൻസ് ലീഗ് ഫോർമാറ്റിന് ഗോൾമഴയോടെ തുടക്കമിട്ട് ഇംഗ്ലണ്ട് താരം ഹാരി കെയ്നും ബയേൺ മ്യൂണിക്കും. ജർമ്മൻ ക്ലബിനായി ഒറ്റ രാത്രിയിൽ ഹാരി കെയ്ൻ അടിച്ചുകൂട്ടിയത് നാല് ഗോളുകളാണ്. ചാംപ്യൻസ് ലീഗിൽ എക്കാലത്തെയും വലിയ ഇംഗ്ലീഷ് ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡ് ഇനി ഹാരി കെയ്ന് സ്വന്തം. യൂറോപ്യൻ ലീഗിൽ 30 ഗോളുകൾ നേടിയ വെയ്ൻ റൂണിയുടെ റെക്കോർഡ് മറികടന്ന കെയ്നിന്റെ പേരിൽ ഇപ്പോഴുള്ളത് 33 ഗോളുകളാണ്. ബയേൺ താരമായി 50 മത്സരങ്ങൾ കളിച്ച കെയ്നിന് ഇതുവരെ 53 ഗോളുകൾ നേടാൻ കഴിഞ്ഞു.
മത്സരത്തിൽ ക്രൊയേഷ്യൻ ക്ലബ് ഡൈനമോ സാഗ്രെബിനെതിരെ രണ്ടിനെതിരെ ഒമ്പത് ഗോളുകൾക്കാണ് ബയേൺ മ്യുണിക് മത്സരം വിജയിച്ചത്. ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോൾപിറന്ന മത്സരവുമാണിത്. മത്സരത്തിന്റെ 19-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാരി കെയ്‍ൻ ബയേണിന്റെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. 57-ാം മിനിറ്റിലെ ഗോളിലൂടെ റൂണിയെ മറികടന്ന കെയ്ൻ 73, 78 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റികളും വലയിലാക്കി.
33-ാം മിനിറ്റിൽ പോർച്ചുഗീസ് താരം റാഫേൽ ഗുറേറോ, 38, 61 മിനിറ്റുകളിൽ ഫ്രഞ്ച് താരം മൈക്കിൾ ഒലിസെ, 85-ാം മിനിറ്റിൽ ജർമ്മൻ താരം ലീറോയ് സാനെ, 92-ാം മിനിറ്റിൽ ജർമ്മനിയുടെ മറ്റൊരു ബയേൺ താരം ലിയോൺ ഗോറിസ്ക എന്നിവർ ഗോളുകൾ നേടി. ഡൈനമോ സാഗ്രെബിന്റെ ആശ്വാസ ഗോളുകൾ 48, 50 മിനിറ്റുകളിൽ പിറന്നു. ബ്രൂണോ പെറ്റ്കോവിക്, തകുയ ഒഗിവാര എന്നിവരാണ് ക്രൊയേഷ്യൻ ക്ലബിനായി വലചലിപ്പിച്ചത്.