ചരിത്രം തിരുത്താനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർ ഫോർവേഡ് എർലിംഗ് ഹാലണ്ട്. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ റെക്കോർഡ് തകർക്കാൻ യുവ സ്ട്രൈക്കർക്ക് വേണ്ടത് ഇനി വെറും ഒരു ഗോൾ മാത്രമാണ്. ഒരു ടീമിന് വേണ്ടി അതിവേഗം 100 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡിലാണ് റൊണാൾഡോയെ മറികടക്കാൻ ഹാലണ്ടിന് മുന്നിൽ സുവർണാവസരം ഒരുങ്ങുന്നത്.
Haaland needs one more goal in the next game to break Ronaldo's record as the fastest player to score 100 goals for a club! 🤯 pic.twitter.com/lV83st3QsA
— mancity.fever (@mancityfever2) September 14, 2024
2024-25 സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഹാലണ്ട് മിന്നും ഫോമിലാണ് കളിക്കുന്നത്. സീസണിൽ വെറും നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ ഒമ്പത് ഗോളുകളാണ് സിറ്റിയുടെ നീലക്കുപ്പായത്തിൽ അദ്ദേഹം നേടിയത്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 99 ഗോളുകളാണ് ഹാലണ്ടിന്റെ സമ്പാദ്യം. 103 മത്സരങ്ങളിൽ നിന്നാണ് യുവതാരത്തിന്റെ നേട്ടം.
2009ൽ റയൽ മാഡ്രിഡിൽ ചേർന്നതിന് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റവും വേഗത്തിൽ 100 ഗോളുകൾ നേടി റെക്കോർഡ് സൃഷ്ടിച്ചത്. 105 മത്സരങ്ങളിൽ നിന്നായിരുന്നു റൊണാൾഡോ റെക്കോർഡ് കുറിച്ചത്. അടുത്ത മത്സരത്തിൽ സിറ്റിക്ക് വേണ്ടി ഗോൾ നേടിയാൽ 104 മത്സരങ്ങളിൽ നിന്ന് 100 ഗോൾ നേടാൻ ഹാലണ്ടിന് കഴിയും.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇൻ്റർ മിലാനെതിരെ സെപ്റ്റംബർ 18നാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം. എത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഗോൾ നേടി ചരിത്രം തിരുത്താനുള്ള സുവർണാവസരമാണ് ഹാലണ്ടിന് മുന്നിലുള്ളത്. സെപ്തംബർ 22 ഞായറാഴ്ച സിറ്റിസൺസ് ആഴ്സണലിനോടാണ് സിറ്റിയുടെ അടുത്ത മത്സരം.