കെപി രാഹുലിന്റെ ഫൗള്‍; പഞ്ചാബ് താരം ലൂക്ക മജ്‌സെന് 2 മാസം വരെ പുറത്തിരിക്കേണ്ടി വരും

അനാവശ്യവും അപകടകരവുമായ രീതിയിൽ ഫൗള്‍ ചെയ്തതിന് കെ പി രാഹുലിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു

dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരായ സീസണ്‍ ഓപ്പണറിനിടെ പരിക്കേറ്റ പഞ്ചാബ് എഫ്‌സി ഫോര്‍വേര്‍ഡ് ലൂക്ക മജ്‌സെന് രണ്ട് മാസം വരെ പുറത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് താരം കെ പി രാഹുലിന്റെ ഫൗളിലാണ് ലൂക്ക മജ്‌സെന് പരിക്കേല്‍ക്കുന്നത്. അപകടകരമായ ഫൗളില്‍ താടിയെല്ലിന് പരിക്കേറ്റ മജ്‌സെന് ആറ് മുതല്‍ എട്ട് ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് ക്ലബ്ബ് അറിയിച്ചത്.

കൊച്ചിയില്‍ നടന്ന മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സംഭവം. അവസാന നിമിഷത്തില്‍ ഉയര്‍ന്നുവന്ന പന്തെടുക്കാനുള്ള ശ്രമത്തില്‍ ഓടിവന്ന കെപി രാഹുല്‍ മജ്‌സെനുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഇടിയേറ്റ മജ്‌സെന്‍ നിലത്ത് വീഴുകയും ചെയ്തു.

നിര്‍ണായക സമയത്ത് അനാവശ്യവും അപകടകരവുമായ ഫൗള്‍ ചെയ്തതിന് കെ പി രാഹുലിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ വരും ദിവസങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടിവരുമെന്നാണ് ക്ലബ്ബ് പറയുന്നത്. നിര്‍ണായക താരത്തിന്റെ അഭാവം നിര്‍ഭാഗ്യകരമാണെന്ന് പഞ്ചാബ് ഫുട്‌ബോള്‍ ഡയറക്ടര്‍ നിക്കോളാസ് ടോപോളിയറ്റിസ് പ്രതികരിച്ചു.

മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിനെ പഞ്ചാബ് വീഴ്ത്തിയത്. പഞ്ചാബ് എഫ്‌സിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ലൂക്ക മജ്‌സെന്‍. 86-ാം മിനിറ്റില്‍ തങ്ങള്‍ക്ക് അനുകൂലമാക്കി ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിയ മജ്‌സെനാണ് പഞ്ചാബിനെ മുന്നിലെത്തിച്ചത്. പഞ്ചാബിന്റെ മലയാളി താരം ലിയോണ്‍ അഗസ്റ്റിനെ വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ പെനാല്‍റ്റി ലഭിക്കുന്നത്.

മത്സരം പഞ്ചാബ് സ്വന്തമാക്കുമെന്ന് കരുതിയിരിക്കെ ആണ് ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ നേടുന്നത്. ഇഞ്ചുറി സമയത്തായിരുന്നു സമനില. പ്രിതം കോട്ടാല്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ഒരു മനോഹര ഹെഡറിലൂടെ ആണ് ജീസസ് വലയില്‍ എത്തിച്ചത്. ബാക്കിയുള്ള സമയം വിട്ടുകൊടുക്കാന്‍ പഞ്ചാബും തയ്യാറായില്ല. 95-ാം മിനിറ്റില്‍ ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിജയഗോള്‍ പിറക്കുന്നു. ലൂക്ക മജ്‌സെനാണ് ഗോളിന് വഴിയൊരുക്കിയത്.

dot image
To advertise here,contact us
dot image