
മലയാളി മിഡ്ഫീല്‍ഡര്‍ വിബിന്‍ മോഹന്റെ കരാര്‍ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ക്ലബ്ബുമായി 2029 വരെയുള്ള കരാറില്‍ താരം ഒപ്പുവെച്ചു. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
'വിബിന്‍ ഇനിയും നമ്മുടെ മധ്യനിരയില്‍ തിളങ്ങുന്ന സാന്നിധ്യമായി തുടരും. ബ്ലാസ്‌റ്റേഴ്‌സ് താരമായുള്ള വിബിന്റെ യാത്ര 2029 വരെ നീളും', ബ്ലാസ്‌റ്റേഴ്‌സ് ഫേസ്ബുക്കില്‍ കുറിച്ചു.
ഐഎസ്എല്ലില്‍ പഞ്ചാബ് എഫ്‌സിക്കെതിരായ കഴിഞ്ഞ മത്സരത്തിലടക്കം മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് വിബിന്‍ മോഹനന്‍. 2020ല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് വിങ്ങില്‍ ചേര്‍ന്ന വിബിന്‍ 2022ലാണ് സീനിയര്‍ ടീമിലെത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങിയ 28 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും നാല് അസിസ്റ്റുകളുമാണ് വിബിന്‍ സ്വന്തം പേരില്‍ കുറിച്ചത്.
അതേസമയം ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് സിറ്റിക്കെതിരെ പരാജയം വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിനെ പഞ്ചാബ് വീഴ്ത്തിയത്. 86-ാം മിനിറ്റില്‍ തങ്ങള്‍ക്ക് അനുകൂലമാക്കി ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിയ ലൂക്ക മജ്‌സെനാണ് പഞ്ചാബിനെ മുന്നിലെത്തിച്ചത്. പഞ്ചാബിന്റെ മലയാളി താരം ലിയോണ്‍ അഗസ്റ്റിനെ വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ പെനാല്‍റ്റി ലഭിക്കുന്നത്.
മത്സരം പഞ്ചാബ് സ്വന്തമാക്കുമെന്ന് കരുതിയിരിക്കെ ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ നേടുന്നത്. ഇഞ്ചുറി സമയത്തായിരുന്നു സമനില. പ്രിതം കോട്ടാല്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ഒരു മനോഹര ഹെഡറിലൂടെ ആണ് ജീസസ് വലയില്‍ എത്തിച്ചത്. ബാക്കിയുള്ള സമയം വിട്ടുകൊടുക്കാന്‍ പഞ്ചാബും തയ്യാറായില്ല. എന്നാല്‍ 95-ാം മിനിറ്റില്‍ ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിജയഗോള്‍. ലൂക്ക മജ്‌സെനാണ് ഗോളിന് വഴിയൊരുക്കിയത്.