ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ് സിയെ തകർത്തെറിഞ്ഞ് ബെംഗളൂരു എഫ് സി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരുവിന്റെ വിജയം. പകരക്കാരനായി കളത്തിലിറങ്ങി ഇരട്ട ഗോൾ നേടിയ സുനിൽ ഛേത്രിയാണ് ബെംഗളൂരുവിന് വലിയ വിജയം നൽകിയത്.
മത്സരം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ബെംഗളൂരു മുന്നിലെത്തിയിരുന്നു. രാഹുൽ ഭേക്കെയാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ തിരിച്ചുവരവിനുള്ള ഹൈദരാബാദിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. ആദ്യ പകുതിയിൽ ഭൂരിഭാഗം സമയവും പന്തിനെ നിയന്ത്രിച്ചത് ബെംഗളൂരു സംഘമായിരുന്നു.
രണ്ടാം പകുതിയിൽ 60-ാം മിനിറ്റിലാണ് സുനിൽ ഛേത്രി കളത്തിലിറങ്ങിയത്. പക്ഷേ ഗോൾ വലചലിക്കാൻ 85-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. പെനാൽറ്റിയിലൂടെയാണ് ഛേത്രിയൂടെ ഗോൾ പിറന്നത്. 94-ാം മിനിറ്റിൽ ഹൈദരാബാദിന്റെ തോൽവിക്ക് കാഠിന്യം വർദ്ധിപ്പിച്ച് ബെംഗളൂരു മൂന്നാമതും വലചലിപ്പിച്ചു. സൂപ്പർതാരം സുനിൽ ഛേത്രിയുടെ മത്സരത്തിലെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. ഐഎസ്എല്ലിൽ കളിച്ച ആദ്യ മത്സരത്തിൽ ഹൈദരാബാദ് പരാജയപ്പെട്ടപ്പോൾ ബെംഗളൂരു രണ്ടിലും വിജയിച്ചു.