യുവേഫ ചാമ്പ്യന്‍സ് ലീഗ്; പിഎസ്ജിക്കും ഡോര്‍ട്ട്മുണ്ടിനും വിജയം

ചാമ്പ്യന്‍സ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഇന്റര്‍ മിലാന്‍ സമനിലയില്‍ തളച്ചിരുന്നു

dot image

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പോരാട്ടങ്ങളില്‍ വമ്പന്മാരായ പാരിസ് സെന്റ് ജര്‍മ്മനും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനും വിജയം. ജിറോണയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി വിജയം കണ്ടെത്തിയത്. അതേസമയം ക്ലബ്ബ് ബ്രൂഗ്ഗിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വമ്പന്‍ വിജയമാണ് ഡോര്‍ട്ട്മുണ്ട് സ്വന്തമാക്കിയത്.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലായിരുന്നു ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയുടെ വിജയം. ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് ജിറോണ എഫ്‌സിയുടെ വല കുലുങ്ങിയത്. ജിറോണയുടെ പോളോ ഗസ്സാനിഗയുടെ സെല്‍ഫ് ഗോളാണ് പിഎസ്ജിക്ക് തുണയായത്.

മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ വമ്പന്മാരായ ഡോര്‍ട്ട്മുണ്ടും ആദ്യവിജയം കണ്ടെത്തി. ബെല്‍ജിയന്‍ ക്ലബ്ബായ ക്ലബ്ബ് ബ്രൂഗ്ഗിനെതിരായ എവേ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകളാണ് ഡോര്‍ട്ട്മുണ്ട് അടിച്ചുകൂട്ടിയത്. ഡോര്‍ട്ട്മുണ്ടിന് വേണ്ടി ജാമി ബൈനോ ഗിറ്റന്‍സ് ഇരട്ടഗോള്‍ നേടി തിളങ്ങി.

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ ഗോളുകളെല്ലാം പിറന്നത്. 76-ാം മിനിറ്റില്‍ ഗിറ്റന്‍സ് ഡോര്‍ട്ട്മുണ്ടിന്റെ ആദ്യ ഗോള്‍ നേടി. പത്ത് മിനിറ്റുകള്‍ക്ക് ശേഷം ഗിറ്റന്‍സ് വീണ്ടും എതിരാളികളുടെ വല കുലുക്കിയതോടെ ഡോര്‍ട്ട്മുണ്ടിന്റെ ലീഡ് രണ്ടായി ഉയര്‍ത്തി. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി സെര്‍ഹു ഗ്വിരാസി സന്ദര്‍ശകരുടെ വിജയം പൂര്‍ത്തിയാക്കി.

അതേസമയം ചാമ്പ്യന്‍സ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഇന്റര്‍ മിലാന്‍ സമനിലയില്‍ തളച്ചു. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിറ്റിയും മിലാനും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരാണ് ഇന്റര്‍ മിലാന്‍.

dot image
To advertise here,contact us
dot image