യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് നിരാശയോടെ തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മോണാകോയോട് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയമാണ് ബാഴ്‌സ വഴങ്ങിയത്. മൊണാകോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കൗമാരസൂപ്പര്‍ താരം ലാമിന്‍ യമാല്‍ ഗോള്‍ നേടിയെങ്കിലും ബാഴ്‌സലോണയ്ക്ക് വിജയം സ്വന്തമാക്കാനായില്ല.
Full Time.#MonacoBarça | @ChampionsLeague pic.twitter.com/nyxW3e32Wg
— FC Barcelona (@FCBarcelona) September 19, 2024
മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ ബാഴ്‌സലോണയ്ക്ക് തിരിച്ചടി ലഭിച്ചു. ബോക്‌സിന് പുറത്ത് ടാക്കുമി മിനാമിനോയെ ഫൗള്‍ ചെയ്തതിന് എറിക് ഗാര്‍സിയയ്ക്ക് റെഡ് കാര്‍ഡ് കിട്ടി പുറത്തുപോവേണ്ടിവന്നു. തുടര്‍ന്ന് പത്തുപേരുമായാണ് ബാഴ്‌സ കളിച്ചത്.
ഈ മുന്‍തൂക്കം പെട്ടെന്നുതന്നെ മുതലെടുത്ത് മൊണോകോ മുന്നിലെത്തി. 16-ാം മിനിറ്റില്‍ മാഗ്നസ് അകിലിയോച്ചെയാണ് ആതിഥേയര്‍ക്ക് വേണ്ടി ആദ്യഗോള്‍ നേടിയത്. ബാഴ്‌സ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റൈഗന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.
28-ാം മിനിറ്റില്‍ ബാഴ്‌സയുടെ മറുപടിയെത്തി. മാര്‍ക് കസാഡയുടെ പാസില്‍ നിന്ന് ലാമിന്‍ യമാലാണ് ബാഴ്‌സയുടെ സമനില ഗോള്‍ കണ്ടെത്തിയത്. താരത്തിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ മൊണോകോ വീണ്ടും മത്സരം വരുതിയിലാക്കുകയായിരുന്നു. 71-ാം മിനിറ്റില്‍ ജോര്‍ജ് ഇലെനിഖേന മൊണോകോയുടെ വിജയഗോള്‍ നേടി. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയാണ് ഇലെനിഖേന ആതിഥേയര്‍ക്ക് വിജയം സമ്മാനിച്ചത്.