'പെനാല്‍റ്റിയിൽ ഡബിള്‍ സേവ്!' , രക്ഷകനായി ഡേവിഡ് റയ; ആഴ്‌സണലിന് സമനില

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആഴ്‌സണലിന് പെനാല്‍റ്റി വഴങ്ങേണ്ടിവന്നു

dot image

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിന് സമനിലത്തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇറ്റാലിയൻ ക്ലബ് അറ്റ്‌ലാന്റയ്‌ക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയിരിക്കുകയാണ് ഗണ്ണേഴ്‌സ്. ഗോള്‍കീപ്പര്‍ ഡേവിഡ് റയയുടെ അവിശ്വസനീയ പെനാല്‍റ്റി സേവാണ് ആഴ്‌സണലിന് സമനില സമ്മാനിച്ചത്.

നിലവിലെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അറ്റ്‌ലാന്റയുടെ ഹോം തട്ടകത്തിലായിരുന്നു മത്സരം. അറ്റ്‌ലാന്റയ്‌ക്കെതിരെ താളം കണ്ടെത്തുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗണ്ണേഴ്‌സ് ഏറെ ബുദ്ധിമുട്ടുകയായിരുന്നു. പരിക്കേറ്റ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡഗാര്‍ഡ് ഇല്ലാതെയാണ് ആഴ്‌സണല്‍ അറ്റ്‌ലാന്റയ്‌ക്കെതിരെ ഇറങ്ങിയത്.

മത്സരത്തിന്റെ 13-ാം മിനിറ്റില്‍ ബുകായോ സാക എടുത്ത ഫ്രീകിക്ക് ഗോള്‍കീപ്പര്‍ മാര്‍ക്കോ കാര്‍നെസെച്ചി തടഞ്ഞത് അറ്റ്‌ലാന്റയ്ക്ക് രക്ഷയായി. പിന്നീട് ഗബ്രിയേല് മാര്‍ട്ടിനെല്ലിയുടെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പോയി. അതിനിടെ ഗണ്ണേഴ്‌സിന്റെ ഗോള്‍മുഖത്തേക്ക് അറ്റ്‌ലാന്റ ഇരച്ചെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആഴ്‌സണലിന് പെനാല്‍റ്റി വഴങ്ങേണ്ടിവന്നു. 51-ാം മിനിറ്റില്‍ അറ്റാന്റയുടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ എഡേഴ്‌സണെ, തോമസ് പാര്‍ട്ടി വീഴ്ത്തിയതിനായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. മറ്റെയോ റെറ്റഗുയി എടുത്ത പെനാല്‍റ്റി കിക്കും റീബൗണ്ടും അവിശ്വസനീയമായി തടുത്തിട്ട് ഡേവിഡ് റയ ആഴ്‌സണലിനെ രക്ഷിച്ചു. പിന്നീട് ഗോളുകള്‍ പിറക്കാതിരുന്നതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചുപിരിഞ്ഞു.

dot image
To advertise here,contact us
dot image