ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ കെവിൻ ഡിബ്രുയ്നിനെ പ്രശംസിച്ച് മുൻ ഇതിഹാസം ഷോൺ റൈറ്റ് ഫിലിപ്സ്. അയാളുടെ ബൂട്ടുകളിൽ ചെകുത്താൻ ഉണ്ട്. മുൻനിരയിലെ താരങ്ങളെക്കുറിച്ച് അയാൾക്ക് ധാരണയുണ്ട്. മിഡ്ഫീൽഡിൽ കെവിൻ ഡിബ്രൂയിൻ ഏറ്റവും അനുയോജ്യയനായ താരമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡറാണ് കെവിൻ ഡിബ്രൂയിൻ. ഷോൺ റൈറ്റ് ഫിലിപ്സ് പറഞ്ഞത് ഇങ്ങനെ.
2015ലാണ് കെവിൻ ഡിബ്രൂയിൻ മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തിയത്. 33കാരനായ താരം 388 മത്സരങ്ങളാണ് ഇതുവരെ മാഞ്ചസ്റ്റർ സിറ്റിക്കായി കളിച്ചത്. 103 ഗോളുകൾ ഡിബ്രൂയിൻ വലയിലാക്കിയപ്പോൾ 171 തവണ അസിസ്റ്റുകൾ നൽകി. കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് 18 മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്. നാല് ഗോളുകൾ നേടിയപ്പോൾ 18 അസിസ്റ്റുകളും ബെൽജിയം താരം സംഭാവന ചെയ്തു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം കിരീടമാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത്. സീസണിൽ ഇതുവരെ അഞ്ച് മത്സരങ്ങൾ കളിച്ച സിറ്റി സംഘം നാലിലും വിജയിച്ചു. ഒരു മത്സരം സമനിലയായി. 13 പോയിന്റോടെ പ്രീമിയർ ലീഗ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ഒന്നാമത്.