ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരം പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് ഈ വിജയം അത്യാവശ്യമായിരുന്നെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ജോ പോള്‍ അഞ്ചേരി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരശേഷം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'നല്ലൊരു തിരിച്ചുവരവാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. കാരണം ഒരു വിജയം അത്യാവശ്യമായിരുന്നു. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നു. അത് സംഭവിച്ചിരിക്കുകയാണ്', ജോ പോള്‍ അഞ്ചേരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'ആദ്യ പകുതിയില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം പകുതിയില്‍ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. ഗോള്‍ വഴങ്ങിയതിന് ശേഷം നല്ല ഗെയിം തന്നെ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചു. ആദ്യ മത്സരത്തില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയിരുന്നു. ടീമിന്റെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്താനും തിരുത്താനും സാധിച്ചത് കോച്ചിന്റെ കാഴ്ചപ്പാടാണ്', അദ്ദേഹം വ്യക്തമാക്കി.
സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ് സിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് പരാജയം വഴങ്ങിയതിനെ കുറിച്ചു അദ്ദേഹം പ്രതികരിച്ചു. ഒരു ടൂര്‍ണമെന്റില്‍ ആദ്യത്തെ മത്സരമെന്നത് എല്ലാ ടീമുകള്‍ക്കും ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് ജോപോള്‍ അഞ്ചേരി പറഞ്ഞത്. ടീം ഇത്തവണ കപ്പടിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ഈസ്റ്റ് ബംഗാളിനെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു കൊമ്പന്മാരുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ മലയാളി താരം വിഷ്ണു പി വി നേടിയ ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തത്. പിന്നാലെ നോഹ സദോയ്‌യും ക്വാമെ പെപ്രയും വല കുലുക്കിയതോടെ വിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു.
ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ അഭാവത്തില്‍ മിലോസ് ഡ്രിന്‍സിച്ചിന് കീഴിലാണ് ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് സിറ്റി എഫ്‌സിക്കെതിരെ വഴങ്ങേണ്ടി വന്ന പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ഈ മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയം അനിവാര്യമായിരുന്നു.