അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അടുത്ത വർഷം ഇന്റർ മയാമി വിട്ടേക്കുമെന്ന് സൂചന. തന്റെ ബാല്യകാല ക്ലബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലേക്ക് മെസ്സി പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത വർഷം ഡിസംബർ 25 വരെയാണ് മെസ്സിക്ക് അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുമായി കരാറുള്ളത്. ഇതിന് ശേഷം തന്റെ ബാല്യകാല ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിൽ കളിച്ച് താരം വിരമിച്ചേക്കുമെന്നാണ് സൂചന.
ആറാം വയസില്‍ റൊസാരിയോയിലെത്തിയ മെസ്സി പിന്നീടുള്ള ആറ് വർഷക്കാലം ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിൽ കളിച്ചിരുന്നു. എന്നാൽ താരത്തിന്റെ വളർച്ചാ ഹോർമോണിന്റെ കുറവിനുള്ള ചികിത്സ ന്യൂവെൽസ് അധികൃതർക്ക് ചിലവഴിക്കാൻ കഴിയാതായതോടെ മെസ്സി ക്ലബ് വിടുകയായിരുന്നു. സ്പാനിഷ് ക്ലബ് ബാഴ്സലോണയായിരുന്നു പുതിയ തട്ടകം.
2004ൽ ബാഴ്സയുടെ സീനിയർ ടീമിൽ കളിച്ചുതുടങ്ങിയ മെസ്സിയ്ക്ക് 2021ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്ലബുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടതായി വരികയായിരുന്നു. പിന്നാലെ ഫ്രഞ്ച് ക്ലബ് പി എസ് ജിയിൽ കളിച്ചെങ്കിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതുമില്ല. 2023ൽ പി എസ് ജി വിട്ട മെസ്സി ഇംഗ്ലണ്ട് മുൻ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മയാമിയിൽ കളി തുടരുകയാണ്. മയാമി തന്റെ അവസാന ക്ലബാകുമെന്ന് മെസ്സി പ്രഖ്യാപിച്ചിരുന്നെങ്കിലും ന്യൂവെൽസ് ഓൾഡ് ബോയ്സിലെ ആരാധകരുടെ ആവശ്യം മെസ്സി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.