സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ റയല്‍ മാഡ്രിഡ് താരം അന്റോണിയോ കസാനോ. റൊണാള്‍ഡോയ്ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ അറിയില്ലെന്ന് കസാനോ ആഞ്ഞടിച്ചു. വിവ എല്‍ ഫുട്‌ബോള്‍ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു റയല്‍ ഇതിഹാസത്തെ കുറിച്ചുള്ള കസാനോയുടെ പ്രതികരണം.
'ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ അറിയില്ല. അദ്ദേഹത്തിന് 3000 ഗോളുകള്‍ അടിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ അതുകൊണ്ട് കാര്യമില്ല', കസാനോ പറഞ്ഞു.
മറ്റുതാരങ്ങള്‍ക്കുള്ള ഒരു കഴിവ് റൊണാള്‍ഡോയ്ക്ക് ഇല്ലെന്നും കസാനോ ആരോപിച്ചു. 'ഹിഗ്വെയ്ന്‍, അഗ്യുറോ, ബെന്‍സെമ, ലെവന്‍ഡോവ്‌സ്‌കി, ഇബ്രാഹിമോവിച്, സുവാരസ് എന്നീ താരങ്ങളെ നോക്കൂ. അവര്‍ക്കെല്ലാവര്‍ക്കും ടീമുമായി എങ്ങനെ ബന്ധം സ്ഥാപിക്കണമെന്ന് നന്നായി അറിയാം. റൊണാള്‍ഡോയ്ക്ക് ഗോള്‍ അടിച്ചുകൂട്ടണമെന്ന ലക്ഷ്യം മാത്രമാണുള്ളത്', കസാനോ പറഞ്ഞു.
റയല്‍ മാഡ്രിഡില്‍ ചരിത്രം സൃഷ്ടിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2009 മുതല്‍ 2018 വരെയാണ് താരം സ്പാനിഷ് വമ്പന്മാര്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയിട്ടുള്ളത്. റയല്‍ ജഴ്‌സിയില്‍ 438 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ 450 ഗോളുകളും 131 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
റയലിനൊപ്പം നിരവധി കിരീടങ്ങള്‍ ഉയര്‍ത്താനും റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, മൂന്ന് ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് ലാ ലീഗ, രണ്ട് കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിങ്ങനെയാണ് റയലിന് വേണ്ടി റൊണാള്‍ഡോ നേടിയത്. 2018ലാണ് റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിപ്പിച്ച് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറിയത്.