കരബാവോ കപ്പില്‍ വമ്പന്‍ വിജയവുമായി ആഴ്‌സണല്‍. യുവതാരങ്ങളുമായി ഇറങ്ങിയ ഗണ്ണേഴ്‌സ് ലീഗ് വണ്‍ ക്ലബ്ബ് ബോള്‍ട്ടന്‍ വാന്‍ഡേഴ്‌സിനെ തകര്‍ത്തു. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ വിജയമാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്. ആഴ്‌സണലിന് വേണ്ടി 17കാരന്‍ ഏഥന്‍ ന്വാനേരി ഇരട്ടഗോളടിച്ച് തിളങ്ങി.
Into the hat for the Fourth Round 🎩 pic.twitter.com/mDaLEIXiKL
— Arsenal (@Arsenal) September 25, 2024
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 16-ാം മിനിറ്റില്‍ തന്നെ ആഴ്‌സണല്‍ മുന്നിലെത്തി. ബോള്‍ട്ടന്‍ പ്രതിരോധ താരങ്ങളുടെ പിഴവ് മുതലെടുത്ത് ഡക്ലന്‍ റൈസാണ് ഗണ്ണേഴ്‌സിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പത്ത് മിനിറ്റിന് ശേഷം ആഴ്‌സണല്‍ സ്‌കോര്‍ ഇരട്ടിയാക്കി. 37-ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ് നല്‍കിയ പാസില്‍ നിന്ന് ഏഥന്‍ ന്വാനേരിയാണ് ആഴ്‌സണലിന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആഴ്‌സണല്‍ സ്‌കോര്‍ ഉയര്‍ത്തി. 49-ാം മിനിറ്റില്‍ ഏഥന്‍ തന്നെയാണ് ഗണ്ണേഴ്‌സിന്റെ മൂന്നാം ഗോള്‍ നേടിയത്. ഇത്തവണ ഡക്ലാന്‍ റൈസ് നല്‍കിയ പാസില്‍ നിന്നാണ് താരം തന്റെ രണ്ടാമത്തെ ഗോള്‍ കണ്ടെത്തിയത്. 53-ാമത്തെ മിനിറ്റില്‍ ബോള്‍ട്ടന്‍ തിരിച്ചടിച്ചു. കൗണ്ടര്‍ അറ്റാക്കില്‍ നിന്ന് ആരോണ്‍ കോളിന്‍സാണ് ബോള്‍ട്ടന്റെ ആശ്വാസഗോള്‍ നേടിയത്.
മത്സരത്തിന്റെ 64-ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ്ങും ആഴ്‌സണലിന് വേണ്ടി ലക്ഷ്യം കണ്ടു. ബുകായോ സാകയുടെ ഷോട്ടില്‍ റീബൗണ്ട് ലഭിച്ച പന്ത് സ്‌റ്റെര്‍ലിങ് വലയിലെത്തിക്കുകയായിരുന്നനു. 77-ാം മിനിറ്റില്‍ കായ് ഹവേര്‍ട്‌സിന്റെ ഗോളോടെ ഗണ്ണേഴ്‌സ് വിജയം പൂര്‍ത്തിയാക്കി. സ്റ്റെര്‍ലിങ്ങിന്റെ ഷോട്ടില്‍ ലഭിച്ച റീബൗണ്ട് പകരക്കാരനായി ഇറങ്ങിയ ഹാവേര്‍ട്‌സ് ഗോളാക്കി മാറ്റുകയായിരുന്നു.