ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ജയം സ്വന്തമാക്കി മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്. ചെന്നൈൻ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മുഹമ്മദൻസ് ഐഎസ്എല്ലിലെ ആദ്യ വിജയം സ്വന്തമാക്കിയത്. 39-ാം മിനിറ്റിൽ ലാൽറെംസംഗ ഫനായി മുഹമ്മദൻസിന്റെ വിജയഗോൾ നേടി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ചെന്നൈനാണ് ആധിപത്യം പുലർത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ചെന്നൈൻ സംഘം പിന്നിലായി. രണ്ടാം പകുതിയിലും ചെന്നൈൻ തിരിച്ചുവരവിനായി ശ്രമിച്ചു. പക്ഷേ മുഹമ്മദൻസിന്റെ പോരാട്ട വീര്യത്തിന് മുന്നിൽ ചെന്നൈൻ വീഴുകയായിരുന്നു. 2014ന് ശേഷം ഇതാദ്യമായാണ് ചെന്നൈൻ ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരം പരാജയപ്പെടുന്നത്.
നേരത്തെ ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒരു ഗോളിന് പരാജയപ്പെട്ടാണ് മുഹമ്മദൻസ് ഐഎസ്എൽ യാത്ര തുടങ്ങിയത്. രണ്ടാം മത്സരത്തിൽ എഫ് സി ഗോവയോട് അവസാന നിമിഷം സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.