ബോർഹ ഹെരേരയ്ക്ക് ഹാട്രിക്ക്; ഈസ്റ്റ് ബം​ഗാളിന്റെ പോരാട്ടം മറികടന്ന് എഫ് സി ​ഗോവ

നിർണായകമായ മൂന്ന് പോയിന്റ് സ്വന്തമാക്കി എഫ് സി ​ഗോവ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗ് സീസണിലെ ആദ്യ ഹാട്രികുമായി എഫ് സി ​ഗോവ താരം ബോർഹ ഹെരേര. സ്പാനിഷ് മിഡ്ഫീൽഡറുടെ ഹാട്രിക് മികവിൽ എഫ് സി ​ഗോവ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് ഈസ്റ്റ് ബം​ഗാളിനെ പരാജയപ്പെടുത്തി. അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഈസ്റ്റ് ബം​ഗാൾ തോൽവി സമ്മതിച്ചത്. ഈസ്റ്റ് ബം​ഗാളിനായി മദിഹ് തലാൽ, ഡേവിഡ് ലാൽലൻസംഗ എന്നിവർ ​ഗോളുകൾ നേടി.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ എഫ് സി ​ഗോവ ഈസ്റ്റ് ബം​ഗാൾ ​ഗോൾമുഖം വിറപ്പിച്ചിരുന്നു. 13, 20 മിനിറ്റുകളിൽ ബോർഹ ഹെരേര തന്റെ ആദ്യ രണ്ട് ​ഗോളുകൾ വലയിലെത്തിച്ചു. 29-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലാണ് ഈസ്റ്റ് ബം​ഗാൾ ആദ്യ ​ഗോൾ തിരിച്ചടിച്ചത്. മദിഹ് തലാലാണ് ​ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 71-ാം മിനിറ്റിൽ ബോർഹ തന്റെ ഹാട്രിക് പൂർത്തിയാക്കി. പിന്നാലെ 81-ാം മിനിറ്റിൽ കാള്‍ മക്‌ഹഗ് ചുവപ്പ് കാർഡ് കണ്ടതോടെ ​ഗോവൻ സംഘം 10പേരായി ചുരുങ്ങി. 85-ാം മിനിറ്റിൽ ഡേവിഡ് ലാൽലൻസംഗയിലൂടെ ഈസ്റ്റ് ബം​ഗാൾ ഒരു ​ഗോൾ കൂടി മടക്കി. അവശേഷിച്ച സമയത്ത് ഒരു സമനില ​ഗോൾ നേടാൻ‌ ​ഈസ്റ്റ് ബം​ഗാളിന് കഴിഞ്ഞില്ല. ഇതോടെ നിർണായകമായ മൂന്ന് പോയിന്റ് സ്വന്തമാക്കി എഫ് സി ​ഗോവ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us