അർജന്റീനയ്ക്ക് തിരിച്ചടി;​ ​ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് സസ്പെൻഷൻ

ഫിഫയുടെ നടപടിക്കെതിരെ പ്രതികരിച്ച് അർജന്റീന ഫുട്ബോൾ

dot image

അർജന്റീനൻ ഫുട്ബോൾ ടീം ​ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെതിരെ നടപടിയുമായി അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ. 2026 ഫിഫ ലോകകപ്പിന്റെ രണ്ട് യോ​ഗ്യതാ മത്സരങ്ങളിൽ നിന്നാണ് വിലക്ക് ലഭിച്ചിരിക്കുന്നത്. ഒക്ടോബർ 10ന് വെനസ്വേലയ്ക്കെതിരെയും ഒക്ടോബർ 15ന് ബൊളീവിയയ്ക്കെതിരെയും നടക്കുന്ന മത്സരങ്ങളിൽ എമിലിയാനോ മാർട്ടിനെസിന് കളിക്കാൻ കഴിയില്ല. കഴിഞ്ഞ മാസം നടന്ന 2026 ഫിഫ ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കിടെ എതിർ ടീമിനെതിരെ അശ്ലീല ആം​ഗ്യങ്ങൾ കാണിച്ചതിനാണ് മാർട്ടിനെസിന് സസ്പെൻഷൻ ലഭിച്ചിരിക്കുന്നത്.

സെപ്റ്റംബർ ആറിന് നടന്ന ചിലിക്കെതിരായ മത്സരത്തിൽ അർജന്റീന 3-0ത്തിന് വിജയിച്ചിരുന്നു. പിന്നാലെ മാർട്ടിനെസ് കോപ്പ അമേരിക്ക ട്രോഫി തന്റെ ജനനേന്ദ്രീയത്തോട് ചേർത്ത് പിടിച്ചതാണ് നടപടിക്ക് കാരണമായ സംഭവം. 2022 ലോകകപ്പ് വിജയത്തിന് പിന്നാലെയും താരം സമാന പ്രവർത്തി ചെയ്തിരുന്നു. കൊളംബിയയ്ക്കെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഒരു ക്യാമറാമാനെ തല്ലിയെന്നും മാർട്ടിനെസിനെതിരെ ആരോപണമുണ്ട്. ഫിഫയുടെ നടപടിയെ പൂർണമായും എതിർക്കുന്നുവെന്നാണ് അർജന്റീനൻ ഫുട്ബോളിന്റെ പ്രതികരണം.

ഫിഫ ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ എട്ട് മത്സരങ്ങൾ പിന്നിട്ട അർജന്റീനയ്ക്ക് ആറിലും വിജയം നേടാൻ കഴിഞ്ഞു. രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടു. 18 പോയിന്റോടെ ടേബിളിൽ അർജന്റീനയാണ് ഒന്നാം സ്ഥാനത്തുള്ളത്. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്താൻ അർജന്റീനയ്ക്ക് അടുത്ത യോ​ഗ്യതാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

dot image
To advertise here,contact us
dot image