ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരെ വമ്പന്‍ വിജയവുമായി ചെല്‍സി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് നീലപ്പട വിജയം സ്വന്തമാക്കിയത്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കോള്‍ പാമറാണ് ചെല്‍സിയുടെ നാല് ഗോളുകളും നേടിയത്. ആദ്യപകുതിയിലാണ് മത്സരത്തിലെ ആറ് ഗോളുകളും പിറന്നത്.
Three @PremierLeague wins in a row! 👏#CFC | #CHEBHA pic.twitter.com/264qOFS9fn
— Chelsea FC (@ChelseaFC) September 28, 2024
ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്രൈറ്റണ്‍ ലീഡെടുത്തു. മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിനെ നിശബ്ദമാക്കി ബ്രൈറ്റണ്‍ വല കുലുക്കിയത്. ജോര്‍ജിനിയോ റട്ടറാണ് ബ്രൈറ്റനെ ആദ്യം മുന്നിലെത്തിച്ചത്.
21-ാം മിനിറ്റില്‍ കോള്‍ പാമറിലൂടെ ചെല്‍സിയുടെ മറുപടിയെത്തി. നിക്കോളാസ് ജാക്‌സണാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. 28-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി പാമര്‍ തന്നെ ആതിഥേയരെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ പാമര്‍ ഹാട്രിക് തികച്ചു. 31-ാം മിനിറ്റില്‍ 30 വാര അകലെ നിന്ന് തന്നെ എടുത്ത ഫ്രീകിക്ക് നേരിട്ട് വലയിലെത്തിച്ചാണ് പാമര്‍ ചെല്‍സിയുടെയും തന്റെയും മൂന്നാം ഗോള്‍ കണ്ടെത്തിയത്.
മൂന്നാം ഗോള്‍ വഴങ്ങി മൂന്ന് മിനിറ്റിനുള്ളില്‍ ബ്രൈറ്റണ്‍ തിരിച്ചടിച്ചു. 34-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ കാര്‍ലോസ് നൂം ക്വോമ ബലേബയാണ് ബ്രൈറ്റന്റെ രണ്ടാം ഗോള്‍ നേടിയത്. 41-ാം മിനിറ്റില്‍ വീണ്ടും പാമറിന്റെ ഫിനിഷ്. ഇത്തവണ ജേഡന്‍ സാഞ്ചോയുടെ അസിസ്റ്റില്‍ നിന്നാണ് പാമര്‍ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ബ്രൈറ്റണ്‍ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ചെല്‍സി പ്രതിരോധം ശക്തമാക്കിയതോടെ വിജയം ഉറപ്പിച്ചു.
ചെല്‍സിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി നാലാമതാണ് ചെല്‍സി. നാല് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് നീലപ്പടയുടെ സമ്പാദ്യം. അതേസമയം സീസണില്‍ ബ്രൈറ്റണ്‍ വഴങ്ങുന്ന ആദ്യ പരാജയമാണിത്. ഒന്‍പത് പോയിന്‍റുമായി എട്ടാമതാണ് ബ്രൈറ്റണ്‍.