ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ വീഴ്ത്തി; സീസണിലെ ആദ്യവിജയം സ്വന്തമാക്കി ഒഡീഷ എഫ്‌സി

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡീഗോ മൗറീഷ്യയിലൂടെ ആതിഥേയര്‍ ലീഡെടുത്തു

dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ഒഡീഷ എഫ്‌സി. ജംഷഡ്പൂര്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഒഡീഷ പരാജയപ്പെടുത്തിയത്. ഒഡീഷയ്ക്ക് വേണ്ടി ഡീഗോ മൗറീഷ്യോയും മുര്‍ത്താദ ഫാളും ഗോള്‍ നേടിയപ്പോള്‍ മുര്‍ത്താദ ഫാളിന്റെ സെല്‍ഫ് ഗോള്‍ ജംഷഡ്പൂരിന്റെ പേരില്‍ കുറിക്കപ്പെട്ടു.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷയാണ് ആദ്യം മുന്നിലെത്തിയത്. 20-ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യയിലൂടെ ആതിഥേയര്‍ ലീഡെടുത്തു. ഹ്യൂഗോ ബൗമസ് നല്‍കിയ പാസ് മൗറിഷ്യോ ജംഷഡ്പൂര്‍ ഗോള്‍കീപ്പറെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.

ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒഡീഷ ലീഡ് ഇരട്ടിയാക്കി. 42-ാം മിനിറ്റില്‍ ഹ്യൂഗോ ബൗമസിന്റെ കോര്‍ണറില്‍ നിന്ന് തകര്‍പ്പന്‍ ഹെഡറിലൂടെ ഡിഫന്‍ഡര്‍ മുര്‍ത്താദ ഫാളാണ് ഒഡീഷയുടെ രണ്ടാം ഗോള്‍ നേടിയത്. ഐഎസ്എല്ലില്‍ ഫാള്‍ നേടുന്ന 18-ാം ഗോളാണിത്. എല്ലാ ഗോളുകളും ഹെഡറില്‍ നിന്നാണ് ഫാള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ജംഷഡ്പൂര്‍ എഫ്‌സി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. തുടക്കത്തില്‍ കോര്‍ണറില്‍ നിന്ന് ഒരു ഓവര്‍ഹെഡ് കിക്കിലൂടെ ഹാവി ഹെര്‍ണാണ്ടസ് ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം തെറ്റി. 62-ാം മിനിറ്റില്‍ ഫാള്‍ അശ്രദ്ധമായി ഒരു കോര്‍ണര്‍ സ്വന്തം വലയിലെത്തിച്ചത് ജംഷഡ്പൂരിന് ആശ്വാസമായി. സമനില കണ്ടെത്താന്‍ ജംഷഡ്പൂര്‍ ശ്രമിച്ചെങ്കിലും ഒഡീഷ നിര്‍ണായകവിജയം സ്വന്തമാക്കി.

സീസണില്‍ ജംഷഡ്പൂര്‍ വഴങ്ങുന്ന ആദ്യ പരാജയമാണിത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു പരാജയവുമടക്കം ആറ് പോയിന്റുമായി മൂന്നാമതാണ് ജംഷഡ്പൂര്‍. മൂന്ന് മത്സരങ്ങളില്‍ മൂന്ന് പോയിന്റ് മാത്രമുള്ള ഒഡീഷ പോയിന്റ് പട്ടികയില്‍ പത്താമതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us