ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് ന്യൂകാസില്‍ യുണൈറ്റഡ്. സെന്റ് ജയിംസ് പാര്‍ക്കില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. സിറ്റിക്ക് വേണ്ടി ജോസ്കോ ഗ്വാര്‍ഡിയോള്‍ സ്കോര്‍ ചെയ്തപ്പോള്‍ ആന്റണി ഗോര്‍ഡനിലൂടെ ന്യൂകാസില്‍ മറുപടി പറഞ്ഞു.
FULL-TIME | A draw on the road 🤝
— Manchester City (@ManCity) September 28, 2024
🏰 1-1 🩵 #ManCity | @okx pic.twitter.com/7BUL1SPcSu
ന്യൂകാസിലിന്റെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. മത്സരത്തിന്റെ 35-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ജോസ്കോ ഗ്വാര്‍ഡിയോളാണ് സിറ്റിയുടെ ഗോള്‍ കണ്ടെത്തിയത്. ജാക്ക് ഗ്രീലിഷ് നല്കിയ ലോ ക്രോസ് കൈക്കലാക്കിയ ഗ്വാര്‍ഡിയോള്‍ വലംകാലന്‍ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. സെന്റ് ജയിംസ് പാര്‍ക്കിലെ ആദ്യ പകുതി സിറ്റിയുടെ ലീഡോടെയാണ് പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ സമനില കണ്ടെത്താന്‍ ന്യൂകാസില്‍ കിണഞ്ഞു പരിശ്രമിച്ചു. അതിനിടെ ന്യൂകാസിലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ആന്റണി ഗോര്‍ഡനാണ് ആതിഥേയരെ ഒപ്പമെത്തിച്ചത്. പിന്നീട് ഇരുടീമുകളില്‍ നിന്നും മികച്ച അവസരങ്ങള്‍ പിറന്നെങ്കിലും ഗോളില്‍ കലാശിച്ചില്ല. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടുപിരിഞ്ഞു.
പ്രീമിയര്‍ ലീഗില്‍ 14 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. ആറ് മത്സരങ്ങളില്‍ നാല് വിജയവും രണ്ട് സമനിലയുമായി തോല്‍വിയറിയാതെ കുതിക്കുകയാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും. അതേസമയം ആറാം സ്ഥാനത്താണ് ന്യൂകാസില്‍. ആറ് മത്സരങ്ങളില്‍ മൂന്ന് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 11 പോയിന്റാണ് ന്യൂകാസിലിന്റെ സമ്പാദ്യം.