സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റില്‍ കണ്ണൂര്‍ വാരിയേഴ്‌സും കാലിക്കറ്റ് എഫ്‌സിയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു, കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. കണ്ണൂരിന് വേണ്ടി ക്യാപ്റ്റന്‍ സാര്‍ഡിനെറോ അഡ്രിയാന്‍ കോര്‍പ ഗോള്‍ നേടിയപ്പോള്‍ പകരക്കാരനായി ഇറങ്ങിയ പി എം ബ്രിട്ടോ കാലിക്കറ്റിന്റെ സമനില ഗോള്‍ കണ്ടെത്തി.
കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് കോഴിക്കോട് സ്‌റ്റേഡിയത്തില്‍ മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ മുഴുവന്‍ ഗെയിറ്റ് കളക്ഷനും അര്‍ജുന്റെ കുടുംബത്തിന് ധനസഹായമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിക്കുകയും ചെയ്തു.
രണ്ടാം പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം കാലിക്കറ്റ് നഷ്ടപ്പെടുത്തി. യുവതാരം റിയാസിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. അടികള്‍ക്കും തിരിച്ചടികള്‍ക്കും ശേഷം ഗോള്‍രഹിതമായാണ് ആദ്യപകുതി പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ കാലിക്കറ്റിനെ ഞെട്ടിച്ച് കണ്ണൂര്‍ മുന്നിലെത്തി. 60-ാം മിനിറ്റില്‍ എസിയര്‍ ഗോമസിന്റെ അസിസ്റ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ സാര്‍ഡിനെറോയാണ് കണ്ണൂരിന്റെ ഗോള്‍ നേടിയത്. കണ്ണൂര്‍ വിജയം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ച സമയം കാലിക്കറ്റ് തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിന്റെ ആദ്യനിമിഷം ബ്രിട്ടോയിലൂടെ കണ്ണൂര്‍ പരാജയം ഒഴിവാക്കി.
അഞ്ച് മത്സരങ്ങളില്‍ ഒന്‍പത് പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് കണ്ണൂര്‍. രണ്ട് വിജയവും മൂന്ന് സമനിലയുമാണ് കണ്ണൂരിന്റെ സമ്പാദ്യം. അഞ്ച് മത്സരങ്ങളില്‍ ഒരു വിജയം, നാല് സമനില, ഒരു പരാജയം എന്നിവയുമായി എഴ് പോയിന്റുള്ള കാലിക്കറ്റ് തൊട്ടുപിന്നില്‍ രണ്ടാമതുണ്ട്.