അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2024 കോപ്പ അമേരിക്ക ഫൈനലിനിടെ കാലിന് പരിക്കേറ്റ മെസി വിശ്രമത്തിന് ശേഷം തന്റെ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നുവെങ്കിലും അര്‍ജന്റീനയ്ക്ക് വേണ്ടി പ്രത്യക്ഷപ്പെട്ടിട്ടില്ല. 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മെസിയില്ലാതെയാണ് ആല്‍ബിസെലസ്റ്റുകള്‍ കളത്തിലിറങ്ങിയത്. ഇപ്പോള്‍ അര്‍ജന്റൈന്‍ ടീമിലേക്കുള്ള മെസിയുടെ തിരിച്ചുവരവിനെ കുറിച്ച് നിര്‍ണായക അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്റര്‍ മയാമി ഹെഡ് കോച്ച് ടാറ്റ മാര്‍ട്ടിനോ.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി സൂപ്പര്‍ താരം കളത്തിലിറങ്ങുന്നതിനെ കുറിച്ചാണ് ടാറ്റ മാര്‍ട്ടിനോ പുതിയ വെളിപ്പെടുത്തല്‍ നല്‍കിയത്. അടുത്ത രണ്ട് മത്സരങ്ങള്‍ അര്‍ജന്റീനയ്‌ക്കൊപ്പം മെസി കളിക്കാനുണ്ടാകുമെന്നാണ് മാര്‍ട്ടിനോയുടെ സ്ഥിരീകരണം.
'മയാമിക്കൊപ്പം മാത്രമല്ല അര്‍ജന്റീനയ്‌ക്കൊപ്പവും മെസിക്ക് കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. അര്‍ജന്റീനയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ അദ്ദേഹം ലഭ്യമായിരിക്കും', മാര്‍ട്ടിനോ പറഞ്ഞു.
മേജര്‍ ലീഗ് സോക്കറിന്റെ പ്ലേ ഓഫുകള്‍ക്ക് മെസി പൂര്‍ണമായ ഫിറ്റ്‌നസിലായിരിക്കുമെന്നും മാര്‍ട്ടിനോ പ്രസ്താവിച്ചു. 'മെസി കൂടുതല്‍ മെച്ചപ്പെട്ടുവരികയാണ്. പരിശീലനത്തിനിടയില്‍ പ്രത്യേകമായ ഫിസിക്കല്‍ വര്‍ക്ക് ചെയ്യേണ്ട ആവശ്യമില്ല. പക്ഷേ കളിക്കളത്തില്‍ മെസിക്ക് ഒരു താളം വീണ്ടെടുക്കേണ്ടതുണ്ട്', മാര്‍ട്ടിനോ വ്യക്തമാക്കി.
2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലിലാണ് മെസി അവസാനമായി അര്‍ജന്റൈന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങിയത്. കൊളംബിയയ്‌ക്കെതിരായ മത്സരത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം പകുതിയില്‍ മെസിക്ക് മൈതാനം വിടേണ്ടിവരികയും ചെയ്തിരുന്നു.
പരിക്കിനെ തുടര്‍ന്ന് രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം മെസി തന്റെ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടി മൈതാനത്തേക്ക് തിരിച്ചുവന്നിരുന്നു. എങ്കിലും അര്‍ജന്റീനയ്ക്ക് വേണ്ടി അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നില്ല. 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ മെസിയുടെ അഭാവത്തിലാണ് അര്‍ജന്റീന ഇപ്പോള്‍ കളിക്കുന്നത്.