ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി മത്സരം സമനിലയില്‍ കലാശിച്ചു. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. സൂപ്പര്‍ സ്‌ട്രൈക്കര്‍ നോഹ സദോയിയുടെ തകര്‍പ്പന്‍ ഫിനിഷാണ് ബ്ലാസ്റ്റേഴ്‌സിന് സമനില സമ്മാനിച്ചത്. നോര്‍ത്ത് ഈസ്റ്റിന് വേണ്ടി അലാദ്ദീന്‍ അജാരെ ഗോള്‍ നേടി.
ആദ്യപകുതി ഗോള്‍രഹിതമായാണ് ഗുവാഹത്തിയില്‍ കലാശിച്ചത്. നോര്‍ത്ത് ഈസ്റ്റ് നിരന്തരം ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറുന്നത് കാണാനായി. മലയാളി വിങ്ങര്‍ ജിതിന്‍ എം എസും അലാദ്ദിന്‍ അജാരെയും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയ്ക്ക് തലവേദന സൃഷ്ടിച്ചു. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി നോഹ സദോയി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളായില്ല.
രണ്ടാം പകുതിയുടെ 58-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് വലകുലുക്കി. മിഡ്ഫീല്‍ഡര്‍ അലാദ്ദീന്‍ അജാരെയായാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പിഴവില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ പിറന്നത്. അജാരെ എടുത്ത ഫ്രീകിക്ക് സച്ചിന്റെ കൈകളില്‍ നിന്ന് വഴുതി ഗോള്‍ലൈന്‍ കടക്കുകയായിരുന്നു.
ലീഡ് വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം കടുപ്പിച്ചു. പത്ത് മിനിറ്റിനുള്ളില്‍ നോഹയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മറുപടി പറഞ്ഞു. നോഹ ബോക്‌സിന് പുറത്തുനിന്ന് ഒരു ഇടംകാലന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. മലയാളി താരം മുഹമ്മദ് ഐമന്റെ അസിസ്റ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമനിലഗോള്‍ പിറന്നത്.
80-ാം മിനിറ്റില്‍ ജീസസ് ജിമിനസിന്റെ പകരക്കാരനായി സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ കളത്തിലെത്തി. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ ഒന്‍പത് നിമിഷം ബാക്കിയുള്ളപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടി കിട്ടി. നോഹ സദോയിയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് നോര്‍ത്ത് ഈസ്റ്റ് താരം അഷീര്‍ അക്തറിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നു. തുടര്‍ന്ന് പത്തുപേരായി ചുരുങ്ങിയാണ് നോര്‍ത്ത് ഈസ്റ്റ് മത്സരം തുടര്‍ന്നത്.
പക്ഷെ, നോർത്ത് ഈസ്റ്റിനെതിരെ ലഭിച്ച നിർണായക മുന്‍തൂക്കം മുതലെടുത്ത് വിജയത്തിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. ഇഞ്ചുറി ടെെമിന്‍റെ തുടക്കത്തില്‍ ഐമന് ലഭിച്ച രണ്ട് സുവര്‍ണാവസരങ്ങളും ഗോളിലെത്തിയില്ല. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ച് പിരിഞ്ഞു.