ഓള്‍ഡ് ട്രഫോര്‍ഡില്‍ 'യുണൈറ്റഡ് ദുരന്തം'; ടോട്ടനത്തിന് മുന്നില്‍ നാണംകെട്ട തോല്‍വി

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്‍റെ മൂന്നാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് ആദ്യ ഗോള്‍ വഴങ്ങി

dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരെ വമ്പന്‍ പരാജയം ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് എറിക് ടെന്‍ഹാഗും സംഘവും തലകുനിച്ചത്. ടോട്ടനത്തിന് വേണ്ടി ബ്രെണ്ണന്‍ ജോണ്‍സണ്‍, ദേജന്‍ കുലുസെവ്‌സ്‌കി, ഡൊമിനിക് സോളങ്കി എന്നിവര്‍ ലക്ഷ്യം കണ്ടു.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മോശം രീതിയിലാണ് യുണൈറ്റഡ് ആരംഭിച്ചത്. മൂന്നാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് ആദ്യ ഗോള്‍ വഴങ്ങി. ബ്രെണ്ണന്‍ ജോണ്‍സണാണ് യുണൈറ്റഡിന്റെ വലയില്‍ ആദ്യം നിറയൊഴിച്ചത്. മൈതാന മധ്യത്തുനിന്ന് സെന്റര്‍ ബാക്ക് വാന്‍ ഡെ വെന്‍ നടത്തിയ ഒരു റണ്ണിനൊടുവില്‍ പാസ് സ്വീകരിച്ച ജോണ്‍സണ്‍ കൃത്യമായി പന്ത് വലയിലെത്തിച്ചു.

ലീഡെടുത്ത ശേഷവും ടോട്ടനം ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു. എന്നാല്‍ സമനില ഗോളിനായുള്ള യുണൈറ്റഡിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ആദ്യ പകുതിക്ക് പിരിയാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ യുണൈറ്റഡ് ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ടാം യെല്ലോ കാര്‍ഡ് കണ്ട് പുറത്തുപോയി. ഇതോടെ പത്തുപേരായി ചുരുങ്ങിയാണ് ആതിഥേയര്‍ മത്സരം തുടര്‍ന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ടോട്ടനം ഗോളടി തുടര്‍ന്നു. 47-ാം മിനിറ്റില്‍ ദേജന്‍ കുലുസെവ്‌സ്‌കിയിലൂടെ ടോട്ടനം ലീഡ് ഇരട്ടിയാക്കിയതോടെ യുണൈറ്റഡ് പരാജയം ഏറെക്കുറെ ഉറപ്പിച്ചു. 77-ാം മിനിറ്റില്‍ ഡൊമിനിക് സോളങ്കിയും ഗോളടിച്ച് ടോട്ടനം വിജയം പൂര്‍ത്തിയാക്കി.

പ്രീമിയര്‍ ലീഗിലെ ആറ് മത്സരങ്ങളില്‍ നിന്ന് യുണൈറ്റഡിന്റെ മൂന്നാം പരാജയമാണിത്. ഏഴ് പോയിന്റുമായി 12-ാം സ്ഥാനത്താണ് ടെന്‍ഹാഗും സംഘവും. പത്ത് പോയിന്റുമായി എട്ടാമതാണ് ടോട്ടനം.

dot image
To advertise here,contact us
dot image