ആ ഗോള്‍ അച്ഛന് വേണ്ടി, അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്: വികാരാധീനനായി റൊണോ

അല്‍ റയ്യാനെതിരായ ഗോള്‍ സെലിബ്രേഷന് പിന്നിലെ കാരണം വ്യക്തമാക്കി റൊണാള്‍ഡോ

ആ ഗോള്‍ അച്ഛന് വേണ്ടി, അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്: വികാരാധീനനായി റൊണോ
dot image

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ തന്റെ അരങ്ങേറ്റ ഗോള്‍ നേടിയിരിക്കുകയാണ് അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ റയ്യാനെതിരെ നടന്ന മത്സരത്തിലാണ് ഗോളടിച്ച് റൊണാള്‍ഡോ ലീഗില്‍ തന്റെ വരവറിയിച്ചത്. ഇപ്പോള്‍ ആ ഗോള്‍ തന്റെ പിതാവിന് സമര്‍പ്പിക്കുകയാണെന്ന് പറയുകയാണ് ഇതിഹാസതാരം.

മത്സരത്തിന്റെ 76-ാം മിനിറ്റില്‍ വല കുലുക്കിയ റൊണാള്‍ഡോ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ഗോള്‍ ആഘോഷിച്ചത്. ഇടംകാലന്‍ ഷോട്ട് ലക്ഷ്യം കണ്ടതും മൈതാനത്തിന്റെ ഇടതുമൂലയിലേക്ക് ഓടിയെത്തിയ റൊണാള്‍ഡോ ഇരുകൈകളും വായുവിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. ഈ ഗോള്‍ സെലിബ്രേഷന് പിന്നിലെ കാരണം റൊണാള്‍ഡോ വ്യക്തമാക്കുകയും ചെയ്തു.

'ഇന്നത്തെ ഗോളിന് മറ്റൊരു പ്രത്യേകതയുണ്ട്. ആ ഗോള്‍ ഞാന്‍ എന്റെ അച്ഛന് വേണ്ടി സമര്‍പ്പിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം ഇന്ന് അദ്ദേഹത്തിന്റ ജന്മദിനമാണ്', മത്സരശേഷം റൊണാള്‍ഡോ വൈകാരികമായി പ്രതികരിച്ചു.

അല്‍ റയാനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ നസര്‍ വിജയം സ്വന്തമാക്കിയിരുന്നു. അല്‍ നസറിന് വേണ്ടി റൊണാള്‍ഡോയും സാദിയോ മാനെയും ഗോള്‍ നേടിയപ്പോള്‍ റോജര്‍ ഗുഡെസ് അല്‍ റയാന്റെ ആശ്വാസഗോള്‍ കണ്ടെത്തി. ടൂര്‍ണമെന്റില്‍ അല്‍ നസറിന്റെ ആദ്യ വിജയമാണിത്.

dot image
To advertise here,contact us
dot image