യുവേഫ ചാംപ്യൻസ് ലീഗിൽ സ്വിറ്റ്സർലാൻഡ് ക്ലബ് യങ് ബോയ്സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്ത് സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ തിരിച്ചുവരവ്. റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോൾ നേടിയപ്പോൾ റാഫിഞ്ഞയും ഇനിഗോ മാർട്ടിനെസും ഓരോ ഗോളുകൾ വീതം നേടി. ബാഴ്സയ്ക്കായി ഒരു സെൽഫ് ഗോൾ യങ് ബോയ്സ് താരം മുഹമ്മദ് അലി കാമറയും സംഭാവന ചെയ്തു.
ചാംപ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ മൊണാക്കോയോട് പരാജയപ്പെട്ടാണ് ബാഴ്സ തുടങ്ങിയത്. സ്പാനിഷ് ലാ ലീഗയിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിലെ വിജയങ്ങൾക്ക് ശേഷം ഒസസൂനയോട് ബാഴ്സ 4-2ന് പരാജയപ്പെട്ടിരുന്നു. ചാംപ്യൻസ് ലീഗിൽ വമ്പൻ വിജയത്തോടെ തിരിച്ചുവരാനായത് ഹാൻസി ഫ്ലിക്കിന്റെ സംഘത്തിന് ആശ്വാസമായി.
മറ്റൊരു മത്സരത്തിൽ സ്ലൊവാക്യൻ ക്ലബ് സ്ലോവൻ ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തി. സെർബിയൻ ക്ലബ് ക്രെവേനയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും തകർപ്പൻ ജയം സ്വന്തമാക്കി. ഫ്രഞ്ച് ക്ലബ് പി എസ് ജിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലീഷ് ക്ലബ് ആഴ്സണൽ വിജയം ആഘോഷിക്കുന്നത്.