കലിം​ഗയിൽ ഒഡീഷയെ സമനിലയിൽ തളച്ച് കൊമ്പന്മാർ; പോയിന്റ് ടേബിളിൽ മുന്നേറ്റം

ബ്ലാസ്റ്റേഴ്സിനായി നോഹ സദോയി തുടർച്ചയായ മൂന്നാം മത്സരത്തിലും വല ചലിപ്പിച്ചു.

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഒഡീഷ എഫ് സിയെ സമനിലയിൽ തളച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഇരുടീമുകളും രണ്ട് ​ഗോളു​കൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ആവേശകരമായ ആദ്യ പകുതിയിലാണ് ഇരുടീമുകളുടെയും രണ്ട് ​ഗോളുകളും പിറന്നത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദോയി തുടർച്ചയായ മൂന്നാം മത്സരത്തിലും വലചലിപ്പിച്ചു. ജീസസ് ജിമനെസ് ആണ് കൊമ്പന്മാർക്കായി മറ്റൊരു ​ഗോൾ നേടിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ബ്ലാസേഴ്സായിരുന്നു പന്തടക്കത്തിൽ ഉൾപ്പടെ മുന്നേറിയത്. 21 മിനിറ്റുകൾക്കുള്ളിൽ മഞ്ഞപ്പട രണ്ട് ​ഗോളുകൾക്ക് മുന്നിലായി. 18-ാം മിനിറ്റിൽ നോഹ സദോയിയുടെ ഇടം കാൽ ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. തൊട്ടുപിന്നാലെ നോഹയുടെ അസിസ്റ്റിലൂടെ രണ്ടാമത്തെ ​ഗോളും പിറന്നു. ഇത്തവണ പന്ത് വലയിലാക്കിയത് കൊമ്പന്മാരുടെ സ്പാനിഷ് ഫോർവേഡ‍് ആണെന്ന് മാത്രം.

ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം അധികം വൈകാതെ അവസാനിച്ചു. 29-ാം മിനിറ്റിൽ ഒഡീഷ ആദ്യ ​ഗോൾ തിരിച്ചടിച്ചു. ഒ‍ഡീഷയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്ക് ​അഹമ്മദ് ജാഹോ വലയിലേക്ക് തൊടുത്തു. തടയാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്സ് താരം അലക്സാണ്ട്രേ കോഫിന്റെ കാലിൽ നിന്നും പന്ത് വലയിലായി. 36-ാം മിനിറ്റിൽ ഡീ​ഗോ മൗറീഷ്യോ ഒഡീഷയ്ക്കായി സമനില ​ഗോൾ നേടി.

ആദ്യ പകുതിയിൽ‌ ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതിയിൽ വിജയത്തിനായി ബ്ലാസ്റ്റേഴ്സും ഒഡീഷയും ഒരുപോലെ ശ്രമിച്ചെങ്കിലും ആർക്കും ​​ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ലോങ് വിസിൽ മുഴങ്ങിയപ്പോൾ സ്കോർ നില 2-2 എന്ന് അവസാനിച്ചു. നാല് മത്സരങ്ങളിൽ നിന്നായി ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ നേടിയത്. അഞ്ച് പോയിന്റോടെ ടേബിളിൽ നാലാമതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.

dot image
To advertise here,contact us
dot image