ഗോളടി തുടർന്ന് എന്‍കുന്‍കു; യൂറോപ്പ കോണ്‍ഫറന്‍സ് ലീഗില്‍ ചെല്‍സിക്ക് വിജയത്തുടക്കം

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിന്റെ 12-ാം മിനിറ്റില്‍ തന്നെ ചെല്‍സി മുന്നിലെത്തി

dot image

യൂറോപ്പ കോണ്‍ഫറന്‍സ് ലീഗില്‍ ചെല്‍സിക്ക് വിജയത്തുടക്കം. ലീഗിലെ ആദ്യ മത്സരത്തില്‍ ബെല്‍ജിയന്‍ ക്ലബ്ബായ ജെന്റിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകളുടെ വമ്പന്‍ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. റെനാറ്റോ വീഗ, പെഡ്രി നെറ്റോ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു, കിര്‍നാന്‍ ഡ്യൂസ്ബറി-ഹാള്‍ എന്നിവരാണ് ചെല്‍സിക്ക് വേണ്ടി വലകുലുക്കിയത്.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിന്റെ 12-ാം മിനിറ്റില്‍ തന്നെ ചെല്‍സി മുന്നിലെത്തി. റെനാറ്റോ വീഗയാണ് ആതിഥേയര്‍ക്ക് വേണ്ടി ആദ്യഗോള്‍ നേടിയത്. ചെല്‍സിയുടെ കുപ്പായത്തില്‍ വീഗ നേടുന്ന ആദ്യ ഗോളാണിത്.

രണ്ടാം പകുതിയുടെ വിസില്‍ മുഴങ്ങി 38 സെക്കന്‍ഡിനുള്ളില്‍ തന്നെ ചെല്‍സി ലീഡ് ഇരട്ടിയാക്കി. ജെന്റിന്റെ പ്രതിരോധത്തിലുണ്ടായ പിഴവ് മുതലെടുത്ത് പെഡ്രോ നെറ്റോയാണ് ചെല്‍സിയുടെ രണ്ടാം ഗോള്‍ നേടിയത്. 50-ാം മിനിറ്റില്‍ സുയോഷി വാടാനബെയിലൂടെ ജെന്റ് തിരിച്ചടിച്ചു.

63-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കു ചെല്‍സിയുടെ മൂന്നാം ഗോള്‍ നേടി. കരബാവോ കപ്പില്‍ ചെല്‍സിക്ക് വേണ്ടി എന്‍കുന്‍കു ഹാട്രിക്കോടെ തിളങ്ങിയിരുന്നു. 70-ാം മിനിറ്റില്‍ കിര്‍നാന്‍ ഡ്യൂസ്ബറി- ഹാളിലൂടെ ചെല്‍സി വീണ്ടും ലീഡുയര്‍ത്തി. മത്സരത്തിന്റെ അവസാന നിമിഷം ഒമ്രി ഗാന്‍ഡെല്‍മാനിലൂടെ ജെന്റ് തങ്ങളുടെ രണ്ടാം ഗോള്‍ നേടിയെങ്കിലും വിജയം ചെല്‍സിക്ക് ഒപ്പമായിരുന്നു.

dot image
To advertise here,contact us
dot image