യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും സമനില. പോര്‍ട്ടോയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇരുടീമുകളും മൂന്ന് വീതം ഗോളുകളടിച്ച് പിരിഞ്ഞു. രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയ ശേഷമാണ് യുണൈറ്റഡ് ലീഡും വിജയവും കൈവിട്ടത്. ഇഞ്ചുറി ടൈമില്‍ ഹാരി മഗ്വെയര്‍ നേടിയ ഗോളിലാണ് യുണൈറ്റഡ് ദയനീയ പരാജയം ഒഴിവാക്കിയത്.
⏹️ It ends all square in Porto.#MUFC || #UEL
— Manchester United (@ManUtd) October 3, 2024
പോര്‍ട്ടോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ 20 മിനിറ്റിനുള്ളില്‍ തന്നെ യുണൈറ്റഡ് രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. ഏഴാം മിനിറ്റില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡും 20-ാം മിനിറ്റില്‍ റാസ്മസ് ഹോയ്‌ലുണ്ടുമാണ് യുണൈറ്റഡിന് വേണ്ടി സ്‌കോര്‍ ചെയ്തത്. എന്നാല്‍ 27-ാം മിനിറ്റില്‍ പെപെയിലൂടെ ഗോളടിച്ച് പോര്‍ട്ടോയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.
34-ാം മിനിറ്റില്‍ സാമു ഒമോറോഡിയോണിന്റെ ഗോളിലൂടെ ആതിഥേയര്‍ ഒപ്പമെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോര്‍ട്ടോ ലീഡെടുക്കുകയും ചെയ്തു. 50-ാം മിനിറ്റില്‍ സാമു ഒമോറോഡിയോണ്‍ രണ്ടാമതും യുണൈറ്റഡിന്റെ വലകുലുക്കി. പിന്നാലെ സമനില കണ്ടെത്താന്‍ യുണൈറ്റഡ് പരിശ്രമിച്ചുകൊണ്ടേയിരുന്നു.
ഇതിനിടെ യുണൈറ്റഡിന് തിരിച്ചടിയായി ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയി. തുടര്‍ന്ന് പത്തുപേരുമായാണ് യുണൈറ്റഡ് മത്സരം തുടര്‍ന്നത്. മത്സരം യുണൈറ്റഡിന്റെ കൈവിട്ടുപോയെന്ന് ഉറപ്പിച്ച നിമിഷത്തില്‍ ഹാരി മഗ്വെയര്‍ രക്ഷയ്‌ക്കെത്തി. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഹെഡറിലൂടെയാണ് മഗ്വെയര്‍ യുണൈറ്റഡിന്റെ സമനിലഗോള്‍ കണ്ടെത്തിയത്.