ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായ നാലാം മത്സരത്തിലും പരാജയപ്പെട്ട് ഐ ലീഗ് മുൻ ചാംപ്യന്മാരായ ഈസ്റ്റ് ബംഗാൾ. ഇത്തവണ ജംഷഡ്പൂരിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിന്റെ പരാജയം. 21-ാം മിനിറ്റിൽ റെയ്തചികാവയുടെ ഗോളിൽ ജംഷഡ്പൂർ മുന്നിലെത്തി. പിന്നാലെ 70-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ താരം ലാല്‍ചുങ്ക്‌നുന്‍ഗയുടെ സെൽഫ് ഗോളുമായപ്പോൾ ജംഷഡ്പൂർ ലീഡ് 2-0മാക്കി ഉയർത്തി. മത്സരത്തിൽ 66 ശതമാനം പന്തിനെ നിയന്ത്രിച്ചിട്ടും എതിരാളികളുടെ ഗോൾവല ചലിപ്പിക്കാൻ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞില്ല.
21-ാം മിനിറ്റിൽ ഡി ബോക്സിന് പുറത്തുലഭിച്ച പന്ത് ഒരു കിടിലൻ ലോങ് ഷോട്ടിലൂടെയാണ്
റെയ്തചികാവ വലയിലെത്തിച്ചത്. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങളൊന്നും ഈസ്റ്റ് ബംഗാളിന് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 64-ാം മിനിറ്റിൽ ജംഷ്ഡ്പൂരിന് അനുകൂലമായി ലഭിച്ച ഒരു പെനാൽറ്റി സാൽ ക്രെസ്പോ പാഴാക്കി. പിന്നാലെയാണ് ജംഷഡ്പൂരിന് അനുകൂലമായി ലാല്‍ചുങ്ക്‌നുന്‍ഗയുടെ സെൽഫ് ഗോൾ ഉണ്ടായത്.
ഐഎസ്എൽ സീസണിൽ നാല് മത്സരങ്ങൾ കളിച്ച മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ജംഷഡ്പൂർ ഒമ്പത് പോയിന്റോടെ ടേബിളിൽ മൂന്നാമതാണ്. നാലിലും പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമുള്ള ബെംഗളൂരു എഫ് സിയാണ് ഒന്നാം സ്ഥാനത്ത്. നാല് മത്സരങ്ങളിൽ ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമുള്ള കേരള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തുണ്ട്.
East Bengal endures fourth straight defeat in ISL 2024