ബാഴ്‌സലോണ 2024-2025 ലെ ഇത്തവണത്തെ ലാലിഗ സീസണിൽ സ്വപ്‍ന സമാന കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലീഗിലെ ഇത് വരെയുള്ള പ്രകടനം നോക്കിയാൽ എട്ട് മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണ് ടീമിനുള്ളത്. ചിരവൈരികളായ റയൽ മാഡ്രിഡിനെക്കാൾ മൂന്ന് പോയിന്റിന് മുന്നിൽ. ഏഴ് മത്സരങ്ങളിൽ വിജയിച്ചപ്പോൾ ഒരു മത്സരം മാത്രമാണ് ബാഴ്‌സ തോറ്റത്. റയൽ എട്ട് മത്സരങ്ങളിൽ അഞ്ച് മത്സരങ്ങൾ ജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയിലായി.
ഗോളെണ്ണത്തിലും ബാഴ്‌സ ഇത്തവണ ഏറെ മുന്നിലാണ്. എട്ട് മത്സരങ്ങളിൽ നിന്ന് 25 ഗോളുകളാണ് ടീം ഇത് വരെ നേടിയത്. ഒമ്പത് ഗോളുകൾ മാത്രം വഴങ്ങി. ഏഴ് ഗോളുകളുമായി ബാഴ്‌സയുടെ റോബർട്ട് ലെവൻഡോവ്സ്കിയാണ് നിലവിലെ ലീഗ് ടോപ് സ്‌കോറർ. എട്ട് മത്സരങ്ങളിൽ ഏഴ് ജയവും 25 ഗോളുകളുമായി ഹാൻസി ഫ്ലിക്കിന്‍റെ കീഴിൽ ടീം ജൈത്രയാത്ര നടത്തുമ്പോൾ ഓർമ്മിക്കപ്പെടുന്നത് ബാഴ്സയുടെ സുവർണകാലം കൂടിയാണ്. 2014 മുതൽ 2017 വരെ ലയണൽ മെസ്സി, ലൂയിസ് സുവാരസ്, നെയ്മർ ജൂനിയർ എന്നീ ത്രിമൂർത്തികൾ ബാഴ്സയുടെ മുന്നേറ്റ നിരയിൽ കളിച്ച് നേട്ടങ്ങൾ കൊയ്ത കാലമായിരുന്നു അത്.
ലോക ഫുട്ബോളിലെ തന്നെ ഏറ്റവും അപകടകാരികളായ അറ്റാക്കിങ് സംഘമായാണ് അന്ന് എം എസ് എൻ എന്ന ഈ ത്രയം അറിയപ്പെട്ടിരുന്നത്. മൂന്ന് സീസണിൽ നിന്നുമായി മൂവരും കൂടി 363 ഗോളാണ് അടിച്ചുകൂട്ടിയത്. 2017ൽ നെയ്മർ പിഎസ്ജിയിലേക്ക് കൂടുമാറിയതോടെയാണ് ഈ പാർട്ണർഷിപ്പ് അവസാനിക്കുന്നത്. ശേഷം മെസ്സി ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്കും ലൂയിസ് സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്കും മാറി.
2016-17 സീസണിലും ബാഴ്സ എട്ട് മത്സരത്തിൽ നിന്നും 25 ഗോൾ നേടിയിരുന്നു. ഇതിൽ 16 ഗോളും നേടിയത് മെസ്സി-സുവാരസ്-നെയ്മർ ത്രയങ്ങളായിരുന്നു. അതേ സമയം ഈ വർഷം 25 ഗോൾ നേടിയവരിൽ 16 എണ്ണം സ്വന്തമാക്കിയത് ലെവൻഡോവ്സ്കി, റഫീന്യ, യമാൽ എന്ന ബാഴ്സയുടെ പുതിയ അറ്റാക്കിങ് ത്രയങ്ങളാണ്. അത് കൊണ്ട് തന്നെ ഈ മികവ് തുടർന്ന് സുവർണകാലത്തെ സുവർണ നേട്ടങ്ങൾ ആവർത്തിക്കാൻ കഴിയുമെന്ന ആത്‌മവിശ്വാസത്തിലാണ് ടീമും ആരാധകരും.