ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഫ്രഞ്ച് മിഡ്ഫീല്‍ഡറും ലോകകപ്പ് ജേതാവുമായ പോള്‍ പോഗ്ബയുടെ വിലക്ക് വെട്ടിക്കുറച്ചിരിക്കുകയാണ്. കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സില്‍ (സിഎഎസ്) നല്‍കിയ അപ്പീല്‍ വിജയിച്ചതിനെ തുടർന്നാണ് നാല് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് 18 മാസത്തേക്ക് ചുരുക്കിയത്. ഇതിനുപിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പോഗ്ബ.
'ഒടുവില്‍ ആ ദുഃസ്വപ്‌നം അവസാനിച്ചിരിക്കുന്നു. എന്റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ കഴിയുന്ന ദിവസത്തിനായി ഇനി എനിക്ക് കാത്തിരിക്കാം. ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയുടെ (വാഡ) ചട്ടങ്ങള്‍ അറിഞ്ഞുകൊണ്ട് ഞാന്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിരുന്നു. ഞാന്‍ സത്യസന്ധതയോടെയാണ് കളിക്കുന്നത്', ബ്രിട്ടനിലെ പ്രസ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പോഗ്ബ പറഞ്ഞു.
'ഇത് കര്‍ശനമായ കുറ്റമാണെന്ന് ഞാന്‍ അംഗീകരിക്കുന്നെങ്കിലും എന്റെ വാദം കേട്ട സിഎഎസിലെ ജഡ്ജിമാരോട് ഞാന്‍ നന്ദി അറിയിക്കുന്നു. ഇത് എന്റെ ജീവിതത്തില്‍ വളരെ വിഷമകരമായ കാലഘട്ടമായിരുന്നു. ഈ വിലക്ക് കാരണം ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്ന കാര്യങ്ങളെല്ലാം നിര്‍ത്തിവെച്ചിരുന്നു', പോഗ്ബ കൂട്ടിച്ചേര്‍ത്തു.
🚨 Paul Pogba: “Finally, the nightmare is over”.
— Fabrizio Romano (@FabrizioRomano) October 4, 2024
“I can look forward to the day when I can follow my dreams again”.
“I always stated that I never knowingly breached Anti-Doping regulations, I play with integrity and I want to thank the Court of Arbitration who heard my… pic.twitter.com/oFl48oSQdS
ഫെബ്രുവരി അവസാനമാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോള്‍ പോഗ്ബയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 2023 ഓഗസ്റ്റ് 20ന് നടത്തിയ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. നിരോധിത പദാര്‍ത്ഥമായ ടെസ്റ്റോസ്റ്റിറോണാണ് പോഗ്ബയുടെ ശരീരത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ 2027 ഓഗസ്റ്റ് വരെ താരത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
ഈ സസ്‌പെന്‍ഷന്‍ യുവന്റസ് താരമായ പോഗ്ബയുടെ കരിയറില്‍ വലിയ തിരിച്ചടി സൃഷ്ടിച്ചിരുന്നു. 2027 ഓഗസ്റ്റില്‍ വിലക്ക് അവസാനിക്കുമ്പോള്‍ 34 വയസ്സാവുന്ന പോഗ്ബയുടെ തിരിച്ചുവരവ് തന്നെ സംശയത്തിലായിരുന്നു. ഫ്രഞ്ച് മിഡ്ഫീല്‍ഡറുടെ കരിയര്‍ അവസാനിച്ചെന്നുവരെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ തനിക്കെതിരായ നടപടിക്കെതിരെ പോഗ്ബ സിഎഎസില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. പിന്നീടാണ് അനുകൂലമായ വിധി വന്നത്. സിഎഎസ് വിധിപ്രകാരം പോഗ്ബയ്ക്ക് 2025 മാര്‍ച്ചില്‍ യുവന്റസിന് വേണ്ടി വീണ്ടും കളത്തിലിറങ്ങാന്‍ സാധിക്കും. ഇതോടെ യുവന്റസിലേക്കുള്ള പോഗ്ബയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുകയും ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ അവസാനിക്കുകയും ചെയ്തു.
2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു പോഗ്ബ. എന്നാല്‍ 2022 ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഫ്രഞ്ച് കുപ്പായത്തില്‍ 91 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് പോഗ്ബയുടെ ബൂട്ടുകളില്‍ നിന്ന് പിറന്നത്.
2011-12 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലാണ് പോഗ്ബ അരങ്ങേറുന്നത്. 2012ല്‍ യുവന്റസിലെത്തിയ പോഗ്ബ 2016ല്‍ വീണ്ടും യുണൈറ്റഡിലേക്ക് തിരിച്ചെത്തി. ആറ് വര്‍ഷത്തിന് ശേഷം വീണ്ടും യുവന്റസിലേക്ക് കൂടുമാറി. പിന്നീടായിരുന്നു ഉത്തേജക മരുന്നുപരിശോധനയില്‍ പരാജയപ്പെട്ടതും നടപടി വന്നതും.
Content Highlights: Paul Pogba Reacts After Four-Year Doping Ban Reduced To 18 Months