അവിടെയും നീ, ഇവിടെയും നീ; ഒരേ സമയം ഇംഗ്ലണ്ട് പോർച്ചുഗൽ ദേശീയ ടീമുകളിൽ ഉൾപ്പെട്ട് പതിനേഴുകാരൻ

ഒരു താരം ഒരേ സമയം പ്രഖ്യാപിച്ച രണ്ട് ദേശീയ ടീമുകളിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ കൗതുകമായിരിക്കുന്നത്

dot image

ഫുട്ബോളിലായാലും മറ്റ് ഗെയിമുകളിലായാലും ഒരേ താരം രണ്ട് രാജ്യങ്ങൾക്കായി വ്യത്യസ്ത കാലങ്ങളിൽ കളിക്കുന്നത് ഇടയ്ക്ക് സംഭവിക്കാറുണ്ട്. കുടിയേറിയേറിയ രാജ്യത്തിനും മാതൃ രാജ്യത്തിനുമായി ജേഴ്‌സി മാറി കളിക്കുന്നവര് ചരിത്രത്തിൽ മുമ്പും ഒരുപാടുണ്ടായിട്ടുണ്ട്. എന്നാൽ ഒരു താരം ഒരേ സമയം പ്രഖ്യാപിച്ച രണ്ട് ദേശീയ ടീമുകളിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ കൗതുകമായിരിക്കുന്നത്.

പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന്റെ അക്കാദമി താരമായ മത്തേവൂസ് മെയ്നയാണ് ഇംഗ്ലണ്ടിന്റെയും പോർച്ചുഗലിന്റെയും അണ്ടർ 18 ടീമുകളിൽ ഒരേ സമയം ​ഉൾപ്പെട്ടത്. പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ച മെയ്ന കുട്ടിക്കാലത്ത് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. അതുകൊണ്ടുതന്നെ മെയ്നക്ക് രണ്ടു രാജ്യങ്ങൾക്കായും കളിക്കാനുള്ള യോഗ്യതയുണ്ട്. മികച്ച ഫോമിൽ പ്രീമിയർ ലീഗിന്റെ രണ്ടാം ഡിവിഷനിൽ പന്തുതട്ടുന്ന മെയ്നയിൽ രണ്ടുരാജ്യങ്ങളും ഇതിനകം തന്നെ കണ്ണുവെച്ചിരുന്നു.

സ്​പെയിനിൽ നടക്കുന്ന ചതുർരാഷ്ട്ര അണ്ടർ 18 ടൂർണമെന്റിനുള്ള ഇംഗ്ലീഷ് ടീമിലാണ് മെയ്ന ആദ്യം ഉൾപ്പെട്ടത്. അടുത്ത വെള്ളിയാഴ്ച സ്വീഡനുമായാണ് ആദ്യ മത്സരം. എന്നാൽ തുർക്കിയയുമായി നടക്കുന്ന മത്സരത്തിനായി പ്രഖ്യാപിച്ച പോർച്ചുഗൽ ടീമിലും മെയ്ന ഉൾപ്പെട്ടതോടെയാണ് സംഭവം വാർത്തയാവുന്നത്.

നേരത്തെ പോര്‍ച്ചുഗലിന്‍റെ അണ്ടര്‍ 17 ടീമില്‍ കളിച്ച താരം ഈ വർഷം സെപ്തംബറിൽ ഇംഗ്ലണ്ടിനായി ബൂട്ട് കെട്ടിയിരുന്നു. മെയ്ന ഇംഗ്ലണ്ട് ജേഴ്‌സിയിൽ ആദ്യ മത്സരം കളിച്ചത് പോർച്ചുഗലിനെതിരെ ആണെന്നതും കൗതുകമാണ്. ഏതായാലും നിലവിൽ താരം ഇംഗ്ലണ്ടിനായി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ളതിനാൽ തന്നെ ഭാവിയിൽ ഏത് രാജ്യം തെരഞ്ഞെടുക്കും എന്ന കാര്യത്തിൽ മെയ്നയ്ക്കും അനിശ്ചിതത്വമുണ്ട്. അതാത് സമയത്ത് ഉചിത തീരുമാനം കൈക്കൊള്ളുമെന്നും രണ്ട് രാജ്യങ്ങളും തനിക്ക് ഒരുപോലെ പ്രിയപ്പെട്ടതുമാണെന്നാണ് താരം
ഇപ്പോള്‍ പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us