ലാലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തിനായി ബാഴ്‍സയുമായി കടുത്ത മത്സരം നടത്തുന്ന റയലിന് തിരിച്ചടി. സാന്റിയാഗോ ബെർണബ്യുവിൽ വിയ്യാറയലിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച മത്സരത്തിൽ പ്രതിരോധ താരം ഡാനി കാർവഹാലിന് ഗുരുതര പരിക്കേറ്റതാണ് ടീമിന് തിരിച്ചടിയായത്. കാൽമുട്ടിൻ്റെ 'എസിഎല്ലി'നാണ് പരിക്ക്. 32 കാരനായ താരത്തിന് ശസ്ത്രക്രിയയും നീണ്ട വിശ്രമവും ആവശ്യമായി വരുമെന്നാണ് റയൽ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതേ മത്സരത്തിൽ റയലിന്റെ സ്റ്റാർ സ്‌ട്രൈക്കർ വിനീഷ്യസ് ജൂനിയറിനും പരിക്കേറ്റിരുന്നു. എന്നാൽ വിനീഷ്യസിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
അതേ സമയം സാന്റിയാഗോ ബെർണബ്യുവിൽ വിയ്യാറയലിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലാലിഗയിൽ ബാഴ്‌സലോണയ്‌ക്കൊപ്പമെത്തിയിരുന്നു. റയൽമാഡ്രിഡിനായി ഫെഡ് വാൽവെർഡെയും വിനീഷ്യസ് ജൂനിയറുമാണ് ഗോളുകൾ നേടിയത്. 14–ാം മിനുറ്റിൽ കോർണറിൽ നിന്ന് വാൽവെർഡെയുടേതായിരുന്നു ആദ്യ ഗോൾ. 73–ാം മിനുറ്റിൽ ബോക്‌സിന് പുറത്ത് നിന്നും നേടിയ തകർപ്പൻ സ്‌ട്രൈക്കിലൂടെ വിനീഷ്യസ് ജൂനിയറും ആതിഥേയർക്കായി വല കുലുക്കി.
ഈ വിജയത്തോടെ റയൽമാഡ്രിഡിന് ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് വിജയവും മൂന്ന് സമനിലയുമായി 21 പോയിന്റായി. എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും ഒരു തോൽവിയുമായി ബാഴ്‌സലോണയ്ക്കും 21 പോയിന്റാണുള്ളത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി വിയ്യാറയൽ മൂന്നാം സ്ഥാനത്തും എട്ട് മത്സരങ്ങളിൽ നിന്ന് നാല് ജയവും നാല് തോൽവിയുമായി 16 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്തുമാണ്. ഇന്ന് രാത്രി 7.30 ന് ഡിപോർട്ടീവോ അലാവസുമായാണ് ബാഴ്‌സയുടെ ഒമ്പതാം മത്സരം. ഈ മത്സരം വിജയിച്ചാൽ മൂന്ന് പോയിന്റ് ലീഡിൽ റയൽമാഡ്രിഡിനെ വീണ്ടും പിന്നിലാക്കാൻ ബാഴ്സയ്ക്ക് കഴിയും.