സാന്റിയാഗോ ബെർണബ്യു: സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ വിയ്യാറയലിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലാലിഗയിൽ ബാഴ്സലോണയ്ക്കൊപ്പമെത്തി. റയൽമാഡ്രിഡിനായി ഫെഡ് വാൽവെർഡെയും വിനീഷ്യസ് ജൂനിയറുമാണ് ഗോളുകൾ നേടിയത്. 14–ാം മിനുറ്റിൽ കോർണറിൽ നിന്ന് വാൽവെർഡെയുടേതായിരുന്നു ആദ്യ ഗോൾ. 73–ാം മിനുറ്റിൽ ബോക്സിന് പുറത്ത് നിന്നും നേടിയ തകർപ്പൻ സ്ട്രൈക്കിലൂടെ വിനീഷ്യസ് ജൂനിയറും ആതിഥേയർക്കായി വല കുലുക്കി.
മത്സരത്തിനിടെ കാൽമുട്ടിന് ഗുരുതരമായ പരിക്കേറ്റ ഡാനി കാർവഹാൽ പുറത്ത് പോയത് പക്ഷെ റയലിന് തിരിച്ചടിയായി. ഇനിയുള്ള കുറച്ച് മത്സരങ്ങൾ കൂടി താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ വിജയത്തോടെ റയൽമാഡ്രിഡിന് ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് വിജയവും മൂന്ന് സമനിലയുമായി 21 പോയിന്റായി. എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും ഒരു തോൽവിയുമായി ബാഴ്സലോണയ്ക്കും 21 പോയിന്റാണുള്ളത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി വിയ്യാറയൽ മൂന്നാം സ്ഥാനത്തും എട്ട് മത്സരങ്ങളിൽ നിന്ന് നാല് ജയവും നാല് തോൽവിയുമായി 16 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്തുമാണ്. ഇന്ന് രാത്രി 7.30ന് ഡിപോർട്ടീവോ അലാവസുമായാണ് ബാഴ്സയുടെ ഒമ്പതാം മത്സരം. ഈ മത്സരം വിജയിച്ചാൽ മൂന്ന് പോയിന്റ് ലീഡിൽ റയൽമാഡ്രിഡിനെ വീണ്ടും പിന്നിലാക്കാൻ ബാഴ്സയ്ക്ക് കഴിയും.