സൂപ്പർ ലീഗ് കേരളയില്‍ ഗോള്‍മഴ; തിരുവനന്തപുരം കൊമ്പന്‍സിനെതിരെ കാലിക്കറ്റിന് വമ്പന്‍ വിജയം

കാലിക്കറ്റ് എഫ്‌സി ആദ്യ പകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു

dot image

സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിക്ക് വമ്പന്‍ വിജയം. തിരുവനന്തപുരം കൊമ്പന്‍സിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കാലിക്കറ്റ് വിജയിച്ചത്. കാലിക്കറ്റിന് വേണ്ടി മുഹമ്മദ് റിയാസ്, ക്യാപ്റ്റന്‍ അബ്ദുള്‍ ഹക്കു, ഏണസ്റ്റ് ബര്‍ഫോ, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ കൊമ്പന്‍സിന് വേണ്ടി ബ്രസീല്‍ താരം ഡവി കൂന്‍ ആശ്വാസഗോള്‍ കണ്ടെത്തി.

പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള ആവേശപ്പോരാട്ടത്തിനാണ് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കാലിക്കറ്റ് എഫ്‌സി ആദ്യ പകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തി. 13-ാം മിനിറ്റില്‍ റിയാസ് ഗോള്‍മഴയ്ക്ക് തുടക്കമിട്ടു. ഗനി നിഗം എടുത്ത ഫ്രീകിക്ക് തോയ് സിങ് പോസ്റ്റിന് മുന്നിലേക്ക് മറിച്ചുനല്‍കി. കണക്ട് ചെയ്ത റിയാസ് ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു.

21-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹക്കുവിലൂടെ കാലിക്കറ്റ് ലീഡ് ഇരട്ടിയാക്കി. ഗനി നിഗത്തിന്റെ കോര്‍ണര്‍ ഹെഡര്‍ ചെയ്താണ് ഹക്കു ലക്ഷ്യം കണ്ടത്. ഏഴ് മിനിറ്റിന് ശേഷം ഗനി നിഗത്തിന്റെ ഡയറക്ട് ഫ്രീകിക്ക് കൊമ്പന്‍സിന്റെ ക്രോസ് ബാറില്‍ തട്ടിമടങ്ങി. ഇഞ്ചുറി ടൈമില്‍ കാലിക്കറ്റിന്റെ മൂന്നാം ഗോളും പിറന്നു. തോയ് സിങ്ങിന്റെ ക്രോസില്‍ ഏണസ്റ്റ് ബെര്‍ഫോയാണ് ഗോളടിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡവി കൂനിലൂടെ കൊമ്പന്‍സ് ഒരു ഗോള്‍ തിരിച്ചടിച്ചു. 59-ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിലൂടെ കാലിക്കറ്റ് വീണ്ടും ലീഡുയര്‍ത്തി. പിന്നീട് ഇരുവശത്തുനിന്നും ഗോളുകളൊന്നും പിറന്നില്ല. ഇതോടെ കാലിക്കറ്റ് വിജയം സ്വന്തമാക്കി.

തകര്‍പ്പന്‍ വിജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി കാലിക്കറ്റ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. രണ്ട് വിജയവും നാല് സമനിലയുമാണ് കാലിക്കറ്റിന്റെ സമ്പാദ്യം. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റുമായി നാലാമതാണ് തിരുവനന്തപുരം കൊമ്പന്‍സ്.

Content Highlights: Super League Kerala 2024: Calicut FC thrashes Thiruvananthapuram Kombans

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us