മൈതാനത്തെ മിന്നും പ്രകടനത്തിന് പിന്നാലെ സെപ്തംബറിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ 'ഫാൻസ് പ്ലയെർ ഓഫ് ദി മന്ത്' ആയി നോഹ സദൗയി തിരഞ്ഞെടുക്കപ്പെട്ടു. സീസണിൽ എട്ട് മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും 3 അസിസ്റ്റുകളും നേടിയ മൊറോക്കൻ മുന്നേറ്റതാരം അപാര ഫോമിലാണുള്ളത്. നോഹ സദൗയി ഇതിനകം തന്നെ അഞ്ച് പ്ലേയർ ഓഫ് ദി മാച്ച് അവാർഡുകളും ഡ്യൂറൻഡ് കപ്പ് ഗോൾഡൻ ബൂട്ടും ബ്ലാസ്റ്റേഴ്‌സിനോടപ്പം സ്വന്തമാക്കിയിട്ടുണ്ട്. സെപ്തംബർ മാസത്തിൽ മാത്രം നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ താരം നേടിയിട്ടുണ്ട്. ഐഎസ്എല്ലിലെ മൂന്നും നാലും ആഴ്ചകളിലെ ബെസ്റ്റ് ഇലവനിലും നോഹ സദൗയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്ഥിരതയാർന്ന ഗോൾ സ്കോറിങ്ങും പ്ളേ മേക്കിങ് സ്കില്ലുമാണ് താരത്തെ വ്യത്യസ്തമാക്കുന്നത്. മുമ്പ് ഗോവൻ താരമായിരുന്നു നോഹ. കഴിഞ്ഞ രണ്ട് സീസണുകളിലായി എഫ്സി ഗോവക്കായി 54 മത്സരങ്ങളിൽ നിന്നായി 29 ഗോളുകളും 16 അസിസ്റ്റുമാണ് നേടിയത്.
മൊറോക്കോയിൽ ജനിച്ച നോഹ, വിവിധ ലീഗുകളിൽ ശ്രദ്ധേയ പ്രകടനം നടത്തിയ താരമാണ്. വൈഡാഡ് കാസബ്ലാങ്കയുടെ യുവനിരയിൽ നിന്നാണ് കരിയർ ആരംഭിച്ചത്. തുടർന്ന് മേജർ ലീഗ് സോക്കറിലെ സൈഡ് ന്യൂയോർക്ക് റെഡ് ബുൾസിന്റെ യുവ ടീമിലേക്ക് ചേക്കേറി. 2013-ൽ ഇസ്രായേൽ പ്രീമിയർ ലീഗ് ക്ലബ് മക്കാബി ഹൈഫയിലെത്തി. തുടർന്ന് മെർബത്ത് എസ് സി , എൻപ്പി എസ് സി, എം സി ഔജ, രാജാ കാസബ്ലാങ്ക, എ എസ് ഫാർ എന്നീ ക്ലബ്ബുകളിലും പന്തുതട്ടി. 2022ൽ ഐഎസ്എലിലേക്ക് പ്രവേശിച്ചു. 2021ൽ മൊറാക്കോ ടീമിനായി അരങ്ങേറിയ 30 കാരൻ ഇതുവരെ നാല് മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.
Content Highlight: Noah Sadaoui awarded palyer of septembar month