സൂപ്പർ ലീഗ് കേരള; മഞ്ചേരിയിലെ മഴക്കളിയിൽ തൃശൂരിനെ തോൽപ്പിച്ച് കൊമ്പൻസ്

മൂന്ന് കളി മാത്രം ശേഷിക്കെ തൃശൂരിൻ്റെ സെമി ഫൈനൽ സാധ്യത തുലാസിലായി

dot image

കനത്ത മഴയിൽ സൂപ്പർ ലീഗ് കേരളയിൽ മഞ്ചേരിയിൽ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ രണ്ട് ഗോളിന് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ രണ്ടാം ജയം കുറിച്ചു. ഇരുപകുതികളിലായി ബിപ്സോ ഓട്ടിമർ, ഷിഹാദ് എന്നിവരാണ് കൊമ്പൻസിനായി ഗോൾ നേടിയത്. ഇതോടെ ഏഴ് കളികളിൽ കൊമ്പൻസിന് ഒമ്പത് പോയൻ്റായി. ലീഗിൽ ഇതുവരെ ജയം നേടാൻ കഴിയാത്ത തൃശൂർ ഏഴ് കളികളിൽ രണ്ട് പോയൻ്റ് മാത്രം നേടി അവസാന സ്ഥാനത്ത്. മൂന്ന് കളി മാത്രം ശേഷിക്കെ തൃശൂരിൻ്റെ സെമി ഫൈനൽ സാധ്യത തുലാസിലായി.

സി കെ വിനീതിൻ്റെ അഭാവത്തിൽ ബ്രസീൽ താരം മെയിൽസണിൻ്റെ നായകത്വത്തിൽ ഇറങ്ങിയ തൃശൂർ ആദ്യപകുതിയിൽ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞു. മഴവെള്ളം കെട്ടിക്കിടന്ന ഗ്രൗണ്ടിൽ കൊമ്പൻസിൻ്റെ ബ്രസീലിയൻ ഗോൾ കീപ്പർ അമേരിക്കോ സാൻ്റോസ് നടത്തിയ അത്യുഗ്രൻ സേവുകൾ മത്സരത്തിൻ്റെ തുടക്കത്തിൽ നിരവധി തവണ സന്ദർശക ടീമിൻ്റെ രക്ഷക്കെത്തി. 39-ാം മിനിറ്റിൽ അപ്രതീക്ഷിതമായി കൊമ്പൻസ് ലീഡ് നേടി. ഇടതു വിംഗിലൂടെ മുന്നേറിവന്ന ഗണേശനെ തൃശൂരിൻ്റെ പകരക്കാരൻ ഗോളി പ്രതീഷ് നേരിട്ടതിന് റഫറി സെന്തിൽ നാഥൻ പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത ബ്രസീലുകാരൻ ബിപ്സോ ഓട്ടിമറിന് പിഴച്ചില്ല1-0. നാല്പത്തിമൂന്നാം മിനിറ്റിൽ തൃശൂരിന് അനുകൂലമായും പെനാൽറ്റി വിസിൽ മുഴങ്ങി. എന്നാൽ അലക്സ് സാൻ്റോസ് എടുത്ത കിക്ക് കൊമ്പൻസ് ഗോൾ കീപ്പർ അമേരിക്കോ സാൻ്റോസ് ഡൈവ് ചെയ്തു രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തൃശൂരിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ആൻ്റണി മനോഹരമായി എതിർ ഗോൾ പോസ്റ്റിന് മുന്നിൽ എത്തിച്ചുവെങ്കിലും ഫിനിഷ് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. അൻപത്തിയഞ്ചാം മിനിറ്റിൽ പരിക്കേറ്റ് മടങ്ങിയ തൃശൂരിൻ്റെ ഫിലോക്ക് പകരം അനുരാഗ് കളത്തിലിറങ്ങി. ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ ഷിഹാദ് കൂടി സ്കോർ ചെയ്തതോടെ കൊമ്പൻസ് വിജയം പൂർത്തിയാക്കി 2-0. മഴവെള്ളം കെട്ടിക്കിടന്ന ഗ്രൗണ്ടിൽ ഒരു ഗോളെങ്കിലും മടക്കാൻ അവസാന നിമിഷം വരെ തൃശൂർ പൊരുതി നോക്കിയെങ്കിലും സാധിച്ചില്ല.

Content Highlights: super league kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us