യുവേഫ നാഷന്‍സ് ലീഗില്‍ വിജയം തുടര്‍ന്ന് ജര്‍മ്മനി. ബോസ്‌നിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മന്‍ പട തകര്‍ത്തത്. ജര്‍മ്മനിക്ക് വേണ്ടി ഫോര്‍വേഡ് താരം ഡെനിസ് ഉണ്ടാവ് ഇരട്ടഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍ എഡിന്‍ ഡെക്കോ ബോസ്‌നിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.
A job well done 🫡#DFB #GermanFootball #GermanMNT #BIHGER
— German Football (@DFB_Team_EN) October 11, 2024
📸 DFB/ Philipp Reinhard pic.twitter.com/AiD1hwutiL
ജമാല്‍ മുസിയാല, അലക്‌സാണ്ടര്‍ പാവ്‌ലോവിച്ച് എന്നീ താരങ്ങളുള്‍പ്പടെ ഇല്ലാതെയാണ് ജര്‍മ്മനി ബോസ്‌നിയയുടെ തട്ടകത്തില്‍ ഇറങ്ങിയത്. തുടക്കം മുതല്‍ പന്ത് ജര്‍മ്മനിയുടെ നിയന്ത്രണത്തിലായിരുന്നെങ്കിലും കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗോള്‍രഹിതമായ 30 മിനിറ്റിനുശേഷമായിരുന്നു ജര്‍മ്മനിക്ക് ലക്ഷ്യം കണ്ടെത്താന്‍ സാധിച്ചത്. ബോക്‌സിന് മുന്നില്‍ നിന്ന് ഫ്‌ളോറിയന്‍ വിര്‍ട്‌സ് നല്‍കിയ പാസ് വലയിലെത്തിച്ച് ഉണ്ടാവ് ജര്‍മ്മനിക്ക് ലീഡ് സമ്മാനിച്ചു.
ആദ്യ ഗോള്‍ നേടി ആറ് മിനിറ്റിന് ശേഷം ഉണ്ടാവ് വീണ്ടും സ്‌കോര്‍ ചെയ്തു. ലെഫ്റ്റ് ബാക്ക് താരം മാക്‌സിമിലിയന്‍ മിറ്റല്‍സ്റ്റാഡ് ബോക്‌സിനുള്ളിലേക്ക് നീട്ടി നല്‍കിയ പന്ത് വലംകാലന്‍ ഷോട്ടിലൂടെ ഉണ്ടാവ് വലയിലെത്തിച്ചു.
രണ്ടാം പകുതിയിലും ജര്‍മ്മന്‍ പട ആക്രമണം തുടര്‍ന്നു. എങ്കിലും 70-ാം മിനിറ്റില്‍ ബോസ്‌നിയ തിരിച്ചടിച്ചു. ബോസ്‌നിയയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്ന് എഡിന്‍ ഡെക്കോ ഗോള്‍ നേടിയെങ്കിലും ബോസ്‌നിയയുടെ ആശ്വാസഗോള്‍ മാത്രമായി അത് മാറി. പിന്നീട് ഗോളുകളൊന്നും പിറക്കാത്തതോടെ ജര്‍മ്മനി വിജയം പിടിച്ചെടുത്തു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമത് തുടരുകയാണ് ജര്‍മ്മനി. രണ്ട് വിജയവും ഒരു സമനിലയുമാണ് ജര്‍മ്മന്‍ പടയുടെ സമ്പാദ്യം. ഒരു വിജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റുള്ള നെതര്‍ലന്‍ഡ്‌സ് രണ്ടാമതാണ്.
Content Highlights: Deniz Undav double hands Germany 2-1 win over Bosnia to stay top