വിയറ്റ്നാമിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മൂന്ന് വർഷത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ഫാറൂഖ് ചൗധരിയാണ് നീലപ്പടയ്ക്കായി ഗോൾ നേടിയത്. 38-ാം മിനിറ്റിലെ ഇന്ത്യൻ ക്യാപ്റ്റനും ഗോൾകീപ്പറുമായ ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില കുരുക്കിട്ടത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകൾ വിയറ്റ്നാമായിരുന്നു നിയന്ത്രിച്ചത്. 12-ാം മിനിറ്റിൽ രാഹുൽ ഭേക്കെയുടെ ഫൗളിൽ വിയറ്റ്നാമിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ വിയറ്റ്നാം നായകന്റെ കിക്ക് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു സേവ് ചെയ്തു. പക്ഷേ ആദ്യ പകുതിയിൽ ഇന്ത്യ പിന്നിലായതും ഗുർപ്രീത് സിങ്ങിന്റെ പിഴവിലൂടെയായിരുന്നു. 38-ാം മിനിറ്റിൽ ക്വാങ് ഹായുടെ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ ഗുർപ്രീതിന്റെ കൈയ്യിൽ നിന്ന് പന്ത് വഴുതി ഗോൾവര കടന്നു. ഗോൾവര കടന്നതിന് പിന്നാലെ പന്ത് ടച്ച് ചെയ്ത വിയറ്റ്നാനം താരം ഹോങ് ഡക് എൻഗുയെനെയ്ക്ക് ഗോൾ സമ്മാനിച്ചു.
രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ഇന്ത്യയുടെ ഗോൾ പിറന്നു. സുരേഷ് സിങ് വാങ്ജാം നൽകിയ ലോങ് ബോൾ ഫാറുഖ് ചൗധരി വലയിലാക്കി. പുതിയ പരിശീലകൻ മനോലോ മാർക്വെസിന്റെ കീഴിൽ ഇന്ത്യൻ ടീമിന്റെ ആദ്യ ഗോളാണിത്. മൂന്നാം മത്സരത്തിൽ, 233 മിനിറ്റ് ഇന്ത്യയെ പരിശീലിപ്പിച്ചതിന് പിന്നാലെയാണ് മാർക്വെസിന് ആദ്യ ഗോൾ കാണാൻ സാധിച്ചത്.
പിന്നാലെ തുടർച്ചയായി ഇന്ത്യ വിയറ്റ്നാം ഗോൾമുഖത്തേയ്ക്ക് ഇരച്ചെത്തിയെങ്കിലും അവസരങ്ങൾ മുതലാക്കൻ കഴിഞ്ഞില്ല. 80-ാം മിനിറ്റിൽ ഗുർപ്രീത് സിങ്ങിന്റെ സേവും 84-ാം മിനിറ്റിൽ അൻവർ അലിയുടെ ഗോൾലൈൻ സേവും ഇന്ത്യയ്ക്ക് രക്ഷയായി. നിശ്ചിത സമയത്തിന് പിന്നാലെ ആറ് മിനിറ്റ് നീണ്ട അധിക സമയത്തും ആർക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. ഇതോടെ മത്സരം ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Content Highlights: Farukh equalises for Blue Tigers after Gurpreet saves penalty