യുവേഫ നാഷൻസ് ലീഗിൽ പോർചുഗൽ വിജയക്കുതിപ്പ് തുടരുന്നു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ച മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പോളണ്ടിനെ കീഴടക്കിയത്. പോളണ്ട് നാഷണൽ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 26-ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് പോർച്ചുഗലിനെ മുന്നിലെത്തിച്ചത്. ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 37-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ വരുന്നത്. ഇതോടെ സൂപ്പർ താരത്തിന്റെ ആകെ ഗോൾ നേട്ടം 906ലെത്തി. ദേശീയ ടീമിനായി താരം നേടുന്ന 133ാമത്തെ ഗോളായിരുന്നു. നാഷൻസ് ലീഗിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സൂപ്പർതാരം ഗോൾ നേടിയിരുന്നു.
രണ്ടാം പകുതിയിൽ 78ാം മിനിറ്റിലാണ് പോളണ്ടിന്റെ ഏക ഗോൾ വരുന്നത്. പിയോട്ടർ സീലിൻസ്‌കിയാണ് ഗോൾ നേടിയത്. എന്നാൽ, 88ാം മിനിറ്റിൽ പോളണ്ട് പ്രതിരോധ താരം ജാൻ ബെഡ്‌നാർക്കിന്റെ സെൽഫ് ഗോളിലൂടെ പോർചുഗൽ ലീഡ് വർധിപ്പിച്ചു (3-1).
അതേ സമയം യുവേഫ നാഷൻസ് ലീഗിൽ കളിച്ച മൂന്ന് കളിയിലും ജയിച്ച പോർചുഗൽ ഒമ്പത് പോയിന്റുമായി ലീഗ് എ ഗ്രൂപ്പ് ഒന്ന് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നേരത്തെ 2-1 ന് സ്കോട്ട്ലാൻഡിനെയും 2-1 ന് ക്രൊയേഷ്യയേയും പോർച്ചുഗൽ തോൽപ്പിച്ചിരുന്നു. മറ്റൊരു മത്സരത്തിൽ സ്പെയിൻ ഒരുഗോളിന് ഡെൻമാർക്കിനേയും സെർബിയ എതിരില്ലാത്ത രണ്ടുഗോളിന് സ്വിറ്റ്സർലാൻഡിനെയും തോൽപ്പിച്ചു.
Content Highlights: uefa nations portugal win