കളിക്കളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ദേഷ്യം പിടിപ്പിച്ച താരമേതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. മുന്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിനെയാണ് തന്നെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുള്ള കളിക്കാരനായി മെസ്സി തിരഞ്ഞെടുത്തത്. മെസ്സി ബാഴ്‌സലോണ താരമായിരിക്കെ പ്രധാന എതിരാളിയായിരുന്ന റയല്‍ മാഡ്രിഡിലെ സ്റ്റാര്‍ ഡിഫന്‍ഡറായിരുന്നു സെര്‍ജിയോ റാമോസ്.
'ബാഴ്‌സയിലായിരിക്കെ സെര്‍ജിയോ റാമോസിനെതിരെ പലതവണ ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്. എത്രയോ തവണ ഞങ്ങള്‍ മൈതാനത്ത് തര്‍ക്കിച്ചിട്ടുണ്ട്. എന്നെ ഏറ്റവും കൂടുതല്‍ ദേഷ്യം പിടിപ്പിച്ച കളിക്കാരനാണ് റാമോസ്. പിന്നീട് ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലെത്തിയപ്പോള്‍ ഞങ്ങള്‍ ടീമംഗങ്ങളായിരുന്നു. എന്നാല്‍ തീവ്രമായ എല്‍ ക്ലാസികോ പോരാട്ടങ്ങളില്‍ ഞങ്ങള്‍ എപ്പോഴും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്', മെസ്സി പറഞ്ഞു.
ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലുമായി ഇതുവരെ 44 മത്സരങ്ങളിലാണ് മെസ്സിയും റാമോസും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. എല്‍ ക്ലാസികോ പോരാട്ടങ്ങളിൽ മെസ്സിയും റാമോസും തമ്മില്‍ മത്സരത്തിനിടെയുണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ ഇരുവിഭാഗത്തിൻ്റെയും ആരാധാകരും പക്ഷംപിടിച്ചിരുന്നു. ഇരുവരും നേര്‍ക്കുനേരെ എത്തുന്ന മത്സരങ്ങള്‍ എറെ ആവേശത്തോടു കൂടിയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്. മെസ്സിയെ പിടിച്ചുകെട്ടുന്ന റാമോസും റാമോസിനെ മറികടന്നു കുതിക്കുന്ന മെസിയുമായിരുന്നു ബാഴ്‌സ-റയല്‍ പോരാട്ടത്തിന്റെ ഹൈലൈറ്റ്.
ലാലിഗയില്‍ നിന്ന് പടിയിറങ്ങിയ ശേഷം പിഎസ്ജിക്ക് വേണ്ടി ഇരുവരും ഒരുമിച്ച് പന്തു തട്ടുന്നതിനും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചു. 2021ലാണ് സെര്‍ജിയോ റാമോസ് പിഎസ്ജിയുടെ ഭാഗമാവുന്നത്. റയല്‍ മാഡ്രിഡുമായി നീണ്ട 16 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ഡിഫന്‍ഡര്‍ പാരിസിലെത്തിയത്. എന്നാല്‍ പിഎസ്ജിയില്‍ വേണ്ടത്ര അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. 2023 ജൂണ്‍ 30നാണ് റാമോസിന്റെ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിച്ചത്.
We always clashed in the Clasico” - When Lionel Messi named Real Madrid icon as player who made him 'most angry' on the pitch