യുണൈറ്റഡിന്റെ 'സീന്‍ മാറ്റാന്‍' സിനദിന്‍ സിദാന്‍?;ടെന്‍ഹാഗിന് പകരക്കാരനായി എത്തുമെന്ന് റിപ്പോര്‍ട്ട്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സമീപകാലത്തെ മോശം പ്രകടനത്തെയും തുടര്‍തോല്‍വികളെയും തുടർന്നാണ് കോച്ച് എറിക് ടെന്‍ഹാഗിന് പകരം ക്ലബ്ബ് മറ്റൊരു പരിശീലകനെ തേടുന്നത്

dot image

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരെ ആവേശത്തിലാക്കി പുതിയ റിപ്പോര്‍ട്ട്. എറിക് ടെന്‍ഹാഗിന് പകരക്കാരനായി ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ യുണൈറ്റഡിന്റെ പരിശീലകനായി എത്തിയേക്കും. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സിദാന്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സമീപകാലത്തെ മോശം പ്രകടനത്തെയും തുടര്‍ തോല്‍വികളെയും തുടർന്നാണ് കോച്ച് എറിക് ടെന്‍ഹാഗിന് പകരം ക്ലബ്ബ് മറ്റൊരു പരിശീലകനെ തേടുന്നത്. ടെന്‍ ഹാഗിന് പകരം യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ മുന്‍ റയല്‍ മാഡ്രിഡ് കോച്ച് കൂടിയായ സിദാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പരിശീലകനായി എത്തിയാണ് ഒരു ബാഴ്‌സലോണ താരത്തെ കൂടി ടീമിലെത്തിക്കണമെന്ന ആവശ്യം സിദാന്‍ യുണൈറ്റഡ് മാനേജ്‌മെന്റിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്ന് പോലും വിജയിക്കാന്‍ യുണൈറ്റഡിന് സാധിച്ചിട്ടില്ല. കളിച്ച 11 മത്സരങ്ങളില്‍ മൂന്നില്‍ മാത്രമാണ് ടീമിന് വിജയം കണ്ടെത്താനായത്. ഇതോടെ കോച്ച് ടെന്‍ഹാഗിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്.

ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ എക്കാലത്തെയും മോശം തുടക്കമാണ് എറിക് ടെന്‍ഹാഗിന്റെ കീഴിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിട്ടത്. നിലവില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ 14ാം സ്ഥാനത്താണ് യുണൈറ്റഡ്. ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും രണ്ട് തോല്‍വിയും മൂന്ന് സമനിലയുമായി എട്ട് പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം.

Content Highlights: Zinedine Zidane open to joining Manchester United, Report

dot image
To advertise here,contact us
dot image