കളംനിറഞ്ഞ് മെസ്സി, ഹാട്രിക്കും രണ്ട് അസിസ്റ്റും; ബൊളീവിയയ്‌ക്കെതിരെ 'ആറാടി' അര്‍ജന്റീന

19-ാം മിനിറ്റില്‍ ലയണല്‍ മെസ്സി തന്നെ അര്‍ജന്റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു

dot image

സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്കും രണ്ട് അസിസ്റ്റുമായി കളംവാണ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയയ്‌ക്കെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജന്റീന. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകളുടെ വമ്പന്‍ വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. മെസ്സിക്കൊപ്പം ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്റീനയ്ക്ക് വേണ്ടി വലകുലുക്കി.

ആദ്യപകുതിയിലാണ് മൂന്ന് ഗോളുകള്‍ പിറന്നത്. 19-ാം മിനിറ്റില്‍ ലയണല്‍ മെസ്സി തന്നെ അര്‍ജന്റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. ലൗട്ടാരോ മാര്‍ട്ടിനസിന്റെ അസിസ്റ്റില്‍ മെസ്സി അനായാസം ബൊളിവീയന്‍ വലകുലുക്കി. 43-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന ലീഡ് ഇരട്ടിയാക്കി. ഇത്തവണ മെസ്സിയാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മെസ്സിയുടെ അസിസ്റ്റില്‍ ജൂലിയന്‍ അല്‍വാരസ് സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി.

രണ്ടാം പകുതിയിലും അര്‍ജന്റീന ആക്രമണം കടുപ്പിച്ചു. 69-ാം മിനിറ്റില്‍ തിയാഗോ അല്‍മാഡ അര്‍ജന്റീനയുടെ നാലാം ഗോള്‍ നേടി. ഇത്തവണ നഹുവേല്‍ മൊളീനയാണ് അസിസ്റ്റ് നല്‍കിയത്. 84-ാം മിനിറ്റില്‍ മെസ്സിയിലൂടെ അര്‍ജന്റീന അഞ്ചാം ഗോളും നേടി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം മെസ്സി ഹാട്രിക് തികയ്ക്കുകയും ചെയ്തു.

Content Highlights: Lionel Messi's hat trick and two assists leads Argentina to win against Bolivia

dot image
To advertise here,contact us
dot image