ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അംബാസിഡർ പദവിയിൽ നിന്നും അലക്സ് ഫെർഗൂസനെ നീക്കം ചെയ്തു. ക്ലബിന്റെ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. നിലവിൽ ഒരു വർഷം 2.16 മില്യൺ പൗണ്ട് ആയിരുന്നു ഫെർഗൂസൻ്റെ വരുമാനം. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതിയ സഹഉടമകളായ ഇനിയോസ് ഗ്രൂപ്പ് ആണ് തീരുമാനം എടുത്തിരിക്കുന്നത്. ഈ ഫുട്ബോൾ സീസണിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഫെർഗൂസന് വരുമാനം ലഭിക്കുകയില്ലെന്ന് ഇനിയോസ് ഗ്രൂപ്പ് ചെയർമാൻ ജിം റാറ്റ്ക്ലിഫ് വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച മാനേജർ ആയാണ് ഫെർഗൂസനെ വിലയിരുത്തുന്നത്. 1986 മുതൽ 2013 വരെയായിരുന്നു ഫെർഗൂസൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്നത്. ഇക്കാലയളവിൽ 38 കിരീടങ്ങളാണ് ഇംഗ്ലീഷ് ക്ലബ് സ്വന്തമാക്കിയത്. 13 തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, രണ്ട് ചാംപ്യൻസ് ലീഗ്, അഞ്ച് എഫ് എ കപ്പ്, നാല് ലീഗ്സ് കപ്പ് എന്നിവ ഇതിൽ ഉൾപ്പെടും. ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പരിശീലകൻ ആയിരുന്നതും ഫെർഗൂസൻ തന്നെ. 2013ൽ മാനേജർ പദവി ഒഴിഞ്ഞതിന് പിന്നാലെ ഫെർഗൂസനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്ലോബൽ അബാസിഡറായി നിയമിക്കുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള 38 വർഷത്തെ ബന്ധമാണ് ഫെർഗൂസൻ അവസാനിപ്പിക്കുന്നത്. 82കാരനായ ഫെർഗൂസൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരങ്ങൾ കാണാൻ സ്ഥിരമായി എത്താറുമുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ മോശം പ്രകടനമാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് എറിക് ടെൻ ഹാഗ് തുടരുമെന്നാണ് സൂചന. സീസണിൽ രണ്ട് വിജയങ്ങൾ മാത്രമുള്ള യുണൈറ്റഡ് സംഘം ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 14-ാം സ്ഥാനത്താണ്. ഒക്ടോബർ 19ന് ബ്രെന്റ്ഫോർഡിനെതിരെയാണ് റെഡ് ഡെവിൾസിന്റെ അടുത്ത മത്സരം.
Content Highlights: Manchester United end Alex Ferguson's multi-million pound contract