ഇടവേളയ്ക്ക് ശേഷം ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്ക് സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സിയുടെ നാടകീയ തിരിച്ചുവരവ്. 3-2 നാണ് ചെന്നൈയുടെ വിജയം.
അഞ്ചാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആദ്യം സ്കോർ ചെയ്തത്. നെസ്റ്റർ ആൽബിയച്ചിനായിരുന്നു ഗോൾ നേടിയത്. എന്നാൽ 25-ാം മിനുട്ടിൽ വിൽമർ ജോർദാൻ ഗിൽ ചെന്നൈയ്ക്ക് വേണ്ടി സമനില ഗോൾ നേടി. പത്ത് മിനുട്ടിന് ശേഷം ഒരു പെനാൽറ്റി കിക്കിൽ ലൂക്കാസ് ബ്രാമ്പില്ല ചെന്നൈയെ മുന്നിലെത്തിച്ചു. 51-ാം മിനുട്ടിൽ വിൽമർ ജോർദാൻ ഗിൽ വീണ്ടും ഗോൾ നേടിയതോടെ സ്കോർ 3-1ലെത്തി. കളിയവസാനിക്കാൻ മിനുട്ടുകൾ ശേഷിക്കെ ചെന്നൈ വഴങ്ങിയ പെനാൽറ്റിയിൽ അലാദിൻ അജാറൈ ഗോൾ നേടി.
അതേ സമയം ഒക്ടോബർ 24ന് എഫ്‌സി ഗോവയുമായാണ് ചെന്നൈയുടെ അടുത്ത മത്സരം. ഒക്ടോബർ 26ന് ജംഷഡ്‌പൂർ എഫ്‌സിയുമായാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അടുത്ത മത്സരം. നിലവിൽ ചെന്നൈ അഞ്ചാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എട്ടാം സ്ഥാനത്തുമാണ്.
Content Highlights: ISL 2024: Chennai beat north east united.