സ്വന്തം കാണികൾക്ക് മുമ്പിൽ ഗംഭീര തിരിച്ചു വരവ്; തൃശൂരിനെ മലർത്തിയടിച്ച് മലപ്പുറം എഫ്‌സി

സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി മലപ്പുറം എഫ്സി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ രണ്ടാം ജയം കുറിച്ചു

dot image

സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി മലപ്പുറം എഫ്സി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ രണ്ടാം ജയം കുറിച്ചു. നിർണായകമായ എട്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ 3-0 നാണ് മലപ്പുറം തകർത്തത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയികൾക്കായി പെഡ്രോ മാൻസി രണ്ടും അലക്സിസ് സാഞ്ചസ് ഒന്നും ഗോൾ നേടി. എട്ട് കളികളിൽ ഒമ്പത് പോയൻ്റ് നേടിയ മലപ്പുറം സെമി ഫൈനൽ സാധ്യത നിലനിർത്തി. ഇത്രയും കളികളിൽ രണ്ട് പോയൻ്റ് മാത്രമുള്ള തൃശൂർ സെമി കാണാതെ പുറത്താവുന്ന ആദ്യ ടീമായി.

സ്പാനിഷ് താരം ഐറ്റർ ആൽഡലർ മലപ്പുറത്തെയും ബ്രസീലുകാരൻ മൈൽസൺ ആൽവസ് തൃശൂരിനെയും നയിച്ച മത്സരത്തിൽ ഇരുടീമുകളും വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. നിരന്തര ഫൗളുകളെ തുടർന്ന് റഫറിയുടെ ഇടപെടലുകളും തുടക്കം മുതൽ കാണാനായി. 22-ാം മിനുറ്റിൽ പെഡ്രോ മാൻസി തൊടുത്ത കർവിങ് ഷോട്ട് തൃശൂർ ഗോൾകീപ്പർ പ്രതീഷ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ബാർബോസയുടെ ക്ലോസ് റെയിഞ്ച് ഷോട്ട് തൃശൂർ നായകൻ മൈൽസൺ വീണുകിടന്ന് തടഞ്ഞു.

മുപ്പത്തിനാലാം മിനിറ്റിൽ മലപ്പുറത്തിൻ്റെ ജോസബ ബെയ്റ്റിയക്ക് റഫറി മഞ്ഞക്കാർഡ് ഉയർത്തി. ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ തൃശൂർ രണ്ട് അവസരങ്ങൾ തുറന്നെടുത്തെങ്കിലും മലപ്പുറത്തിൻ്റെ യുവ ഗോൾ കീപ്പർ മുഹമ്മദ് സിനാൻ സാഹസികമായി രക്ഷപ്പെടുത്തി. 45-ാം മിനുറ്റിൽ മലപ്പുറം സ്കോർ ചെയ്തു. ബാർബോസ നൽകിയ ക്രോസിൽ സ്പാനിഷ് താരം പെഡ്രോ മാൻസിയുടെ കരുത്തുറ്റ ഹെഡ്ഡർ തൃശൂർ വലയിൽ കയറി (1-0).

രണ്ടാം പകുതിയുടെ തുടക്കത്തിൽ തൃശൂർ ഗിഫ്റ്റി, ഡാനി എന്നിവരെ പകരക്കാരായി കൊണ്ടുവന്നു. 54-ാം മിനിറ്റിൽ മലപ്പുറം ലീഡ് ഉയർത്തി. പന്തുമായി മുന്നേറിയ പെഡ്രോ മാൻസിയെ ഡാനി വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത മാൻസിക്ക് പിഴച്ചില്ല (2-0). 66-ാം മിനുറ്റിൽ അലക്സ് എടുത്ത ഫ്രീകിക്ക് മലപ്പുറത്തിൻ്റെ ക്രോസ് ബാറിൽ തട്ടി പുറത്തുപോയി. കളി എഴുപത് മിനിറ്റ് പിന്നിട്ട ശേഷം മലപ്പുറം അലക്സിസ് സാഞ്ചസ്, മുഹമ്മദ് നിഷാം, അനസ് എടത്തൊടിക, ഹെൻറി കിസേക്ക എന്നിവരെ കളത്തിലിറക്കി. 85-ാം മിനിറ്റിൽ അനസ് നീട്ടിനൽകിയ പന്ത് ഒറ്റക്ക് മുന്നേറി അലക്സിസ് സാഞ്ചസ് തൃശൂർ വലയിൽ നിക്ഷേപിച്ചു (3-0).

Content Highlights: malappuram fc beat thrissur magic fc in super league kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us