ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും രണ്ടാം പകുതിയിൽ തിരിച്ചുവരവുമായി കേരള ബ്ലാസ്റ്റേഴ്സ്. മുഹമ്മദൻസിനെതിരായ മത്സരത്തിൽ 67 മിനിറ്റോളം ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിലായിരുന്നു. പിന്നാലെ ക്വാമി പെപ്രായുടെയും ജീസസ് ജിമെനെസിന്റെയും ഗോളുകളുടെ മികവിൽ മഞ്ഞപ്പട മത്സര വിധി തിരുത്തിക്കുറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയരാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു.
സച്ചിൻ സുരേഷിന് പകരം 19 വയസ് മാത്രമുള്ള സോം കുമാറിനെ ഗോൾകീപ്പറാക്കിയാണ് ബ്ലാസ്റ്റേഴ്സ് സംഘം മത്സരത്തിനിറങ്ങിയത്. ആദ്യ മിനിറ്റുകളിൽ മുഹമ്മദൻസ് പന്ത് തട്ടി. എന്നാൽ വളരെ വേഗത്തിൽ തന്നെ മഞ്ഞപ്പട മത്സരത്തിലേക്ക് തിരിച്ചുവന്നു. ആവേശകരമായ ആദ്യ പകുതിയുടെ 26-ാം മിനിറ്റിൽ മുഹമ്മദൻസിന്റെ ഗോൾ പിറന്നു. മുഹമ്മദൻസ് താരം ജോസഫ് അദ്ജെയെ പെനാൽറ്റി ബോക്സിനുള്ളിൽ കെ പി രാഹുൽ വീഴ്ത്തിയതാണ് ആദ്യ ഗോളിന് അവസരമൊരുങ്ങിയത്. പെനാൽറ്റി കിക്കെടുത്ത മിർജലോൽ കാസിമോവ് പന്ത് വലയിലാക്കി.
രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. പകരക്കാരനായി ഇറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ക്വാമി പെപ്രായ്ക്ക് വല ചലിപ്പിക്കാൻ കഴിഞ്ഞു. 67-ാം മിനിറ്റിലാണ് മഞ്ഞപ്പട മത്സരത്തിൽ സമനില പിടിച്ചത്. 75-ാം മിനിറ്റിൽ നവോച സിങ്ങിന്റെ ഹെഡറിൽ ജീസസ് ജിമെനെസിന്റെ ഹെഡർ വലയിലായി. കൊൽക്കത്തയിൽ ഐഎസ്എല്ലിലെ മറ്റൊരു തിരിച്ചുവരവ് ബ്ലാസ്റ്റേഴ്സ് സംഘം കുറിച്ചിട്ടു. ഐഎസ്എൽ പതിനൊന്നാം പതിപ്പിൽ ഈസ്റ്റ് ബംഗാളിനെ കൊച്ചിയിൽ തോൽപ്പിച്ചതിന് സമാന തിരിച്ചുവരവാണ് മഞ്ഞപ്പട നടത്തിയത്. സീസണിൽ ബ്ലാസ്റ്റേഴ്സ് നേടിയ എട്ട് ഗോളുകളിൽ ആറും രണ്ടാം പകുതിയിലായിരുന്നു.
Content Highligths: Kerala Blasters clinch second win of season