ലാലിഗയിൽ സെവിയ്യക്കെതിരെ ബാഴ്‌സലോണയ്ക്ക് വമ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ലെവൻഡോവ്സ്‌കിയും സംഘവും സെവിയ്യയെ തകർത്തിട്ടത്. രണ്ട് ഗോളുകൾ നേടിയ ലെവൻഡോവ്സ്‌കി ലീഗിലെ ഇത് വരെയുള്ള തന്റെ ഗോൾ നേട്ടം പന്ത്രണ്ടാക്കി. 24, 39 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ലെവൻഡോവ്സ്‌കിയെ കൂടാതെ പാബ്ലോ ടോറെ 82,88 മിനിറ്റുകളിലും പെഡ്രി 28-ാം മിനിറ്റിലും ഗോൾ നേടി. 87-ാം മിനിറ്റിൽ സ്റ്റാനിസ് ഇടുംബോയാണ് സെവിയ്യക്ക് വേണ്ടി ആശ്വാസ ഗോൾ കണ്ടെത്തിയത്. മത്സരത്തിൽ ഒരു വർഷത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം ബാഴ്‌സലോണയുടെ സ്പാനിഷ് സൂപ്പർ താരം തയാർ ഗവി മൈതാനത്ത് തിരിച്ചെത്തി.
പത്ത് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയവും ഒരു തോൽവിയുമായി 27 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. പത്ത് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും മൂന്ന് സമനിലയുമായി 24 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. ഒക്ടോബർ 27 ന് ലീഗിൽ ഇരുവരും ഏറ്റുമുട്ടുന്ന എൽ ക്ലാസിക്കോ മത്സരം നടക്കുന്നുണ്ട്.
നിലവിൽ കരുത്തിലും കണക്കിലും ബാഴ്‌സലോണയാണ് ഒരു പടി മുന്നിൽ. പത്ത് മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ മാത്രം വഴങ്ങി 33 ഗോളുകളാണ് ബാഴ്‌സ താരങ്ങൾ നേടിയിട്ടുള്ളത്. റയൽ ഏഴ് ഗോളുകൾ വഴങ്ങിയപ്പോൾ 21 ഗോളുകൾ അടിച്ചു.
Content Highlights: spanish league: Barcelona 5 vs Sevilla 1