ഇഞ്ചുറി ടൈമിൽ നേടിയ ഒറ്റഗോളിന് ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ച് കാലിക്കറ്റ് എഫ്സി മഹീന്ദ്ര സൂപ്പർ ലീഗിലെ അപരാജിത കുതിപ്പ് തുടരുന്നു. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന എട്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ബ്രസീൽ താരം റാഫേൽ സാന്റോസാണ് കാലിക്കറ്റിന്റെ വിജയഗോൾ കുറിച്ചത്. എട്ട് കളികളിൽ 16 പോയന്റുമായി കാലിക്കറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും കളികളിൽ 10 പോയന്റുള്ള കൊച്ചി നാലാമതാണ്.
ടുണിഷ്യക്കാരൻ സൈദ് മുഹമ്മദ് നിദാൽ കൊച്ചിയെയും കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ ജിജോ ജോസഫ് കാലിക്കറ്റിനെയും നയിച്ച മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ ആക്രമണം കണ്ടു. നിജോ ഗിൽബർട്ടിന്റെ ഷോട്ട് കാലിക്കറ്റ് ഗോൾ കീപ്പർ വിശാൽ തടഞ്ഞിട്ടു. പത്താം മിനിറ്റിൽ ഡോറിയൽട്ടൻ തള്ളിക്കൊടുത്ത പന്തിൽ വീണ്ടും നിജോയുടെ ശ്രമം. ഷോട്ട് കാലിക്കറ്റ് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോയി.
ഇരുപത്തിയെട്ടാം മിനിറ്റിൽ കാലിക്കറ്റ് മുന്നേറ്റക്കാരൻ ബെൽഫോർട്ട് നാല് എതിരാളികളെ മറികടന്ന് തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. മുപ്പത്തിനാലാം മിനിറ്റിൽ ലീഡ് നേടാൻ കൊച്ചിക്ക് അവസരം ലഭിച്ചു. എന്നാൽ കാലിക്കറ്റ് ഗോളിയുടെ പിഴവ് മുതലെടുക്കാൻ ഡോറിയൽട്ടന് സാധിച്ചില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ നായകൻ ജിജോ ജോസഫിനെ പിൻവലിച്ച കാലിക്കറ്റ് അപകടകാരിയായ പി എം ബ്രിട്ടോയെ കളത്തിലിറക്കി. സൂപ്പർ താരം ഗനി അഹമ്മദ് നിഗം, അബ്ദുൽ ഹക്കു എന്നിവരുടെ അഭാവം ഇന്നലെ കാലിക്കറ്റിന്റെ നീക്കങ്ങളിൽ നിഴലിച്ചു. അറുപതാം മിനിറ്റിൽ തോയ് സിംഗിന് പകരം കാലിക്കറ്റ് താഹിർ സമാനെയും ബസന്ത സിംഗിന് പകരം കൊച്ചി രാഹുൽ കെ പിയെയും കൊണ്ടുവന്നു. കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കിയിരിക്കെ ഇഞ്ചുറി ടൈമിൽ കാലിക്കറ്റ് വിജയഗോൾ നേടി. പകരക്കാരനായെത്തിയ ബ്രസീലുകാരൻ റാഫേൽ സാന്റോസാണ് സ്കോർ ചെയ്തത്. കൊച്ചി കീപ്പർ ഹജ്മലിനെ മറികടന്ന പന്ത് പോസ്റ്റിൽ തട്ടി വലയിൽ കയറുകയായിരുന്നു. ആദ്യ ലെഗിൽ കാലിക്കറ്റും കൊച്ചിയും ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയായിരുന്നു ഫലം.
Content Highlights: super league kerala; calicut fc win for 1 goal against forca kochi